ഇളവുകളിൽ തീരുമാനം എന്ത് ?  അവലോകനയോഗം ഇന്ന്

വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതു സംബന്ധിച്ച്‌ തീരുമാനമെടുത്തേക്കും.
 | 
lockdown

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്യുന്നതിനുള്ള അവലോകനയോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതു സംബന്ധിച്ച്‌ തീരുമാനമെടുത്തേക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി ഡൽഹിയിലേക്ക് പോയതുകൊണ്ട് അദ്ദേഹം ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുക്കുക.


അവശ്യവസ്തുക്കളല്ലാത്ത സാധനങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസമാണ് തുറക്കുന്നത്. ഇത് തിരക്ക് കൂടുതലുണ്ടാക്കുന്നുവെന്ന് പലർക്കും ആക്ഷേപമുണ്ട്.

അനിശ്ചിതമായി തുടരുന്ന ലോക്ക് ഡൗൺ വ്യാപാരികളുടെ ജീവിതമാർഗം മുട്ടിച്ചുവെന്ന ആക്ഷേപവും ശക്തമാണ്. ഇതേ ചൊല്ലി കോഴിക്കോട് കഴിഞ്ഞ ദിവസം സംഘർഷാവസ്ഥയുണ്ടായി. ഈ പ്രശ്‌നവും അവലോകനയോഗത്തിൽ ചർച്ചയാവും.