ശ്രദ്ധിച്ചില്ലേൽ പണി കിട്ടും:  കേരളത്തിൽ ഇന്ന് മുതൽ കൂടുതൽ  നിയന്ത്രണങ്ങൾ, എന്തൊക്കെ ? 

തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും ക്ലബ്ബുകളും വിനോദപാർക്കുകളും ബാറുകളും ബെവ്കോ വില്പനശാലകളും അടച്ചിടും
 | 
ശ്രദ്ധിച്ചില്ലേൽ പണി കിട്ടും: കേരളത്തിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ, എന്തൊക്കെ ?

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ.

തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും ക്ലബ്ബുകളും വിനോദപാർക്കുകളും ബാറുകളും ബെവ്കോ വില്പനശാലകളും അടച്ചിടും.

ആരാധനാലയങ്ങളിലും വിവാഹച്ചടങ്ങിലും 50 പേർക്ക് മാത്രമാകും പ്രവേശന അനുമതി. മരണാനന്തര ചടങ്ങിൽ പരമാവധി 20 പേർക്കാണ് പ്രവേശനം. വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താൻ കൊവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

ആരാധനാലയങ്ങളിലും കർശന നിയന്ത്രണം ഏര്‍പ്പെടുത്തി. പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ചെറിയ പള്ളികളാണെങ്കിൽ എണ്ണം വീണ്ടും ചുരുക്കണം. നമസ്കരിക്കാൻ പോകുന്നവർ സ്വന്തമായി പായ കൊണ്ടുപോകണം. ദേഹശുദ്ധി വരുത്താൻ ടാങ്കിലെ വെള്ളത്തിന് പകരം ടാപ് ഉപയോഗിക്കണം. ക്ഷേത്രങ്ങളിൽ തീർത്ഥജലവും ഭക്ഷണവും നൽകുന്നത് തൽക്കാലത്തേക്ക് ഒഴിവാക്കണം.

വാരാന്ത്യ നിയന്ത്രണം തുടരും. കടകൾ രാത്രി ഏഴരവരെ മാത്രം. ഹോട്ടലുകളിൽ രാത്രി 9 വരെ പാഴ്സലുകൾ അനുവദിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഇന്ന് മുതല്‍ തുറക്കില്ല. ബദല്‍ മാര്‍ഗ്ഗങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും. അതേസമയം കള്ളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പാഴ്സല്‍ സംവിധാനം മാത്രമായിരിക്കും ഉണ്ടായിരിക്കുക.

സര്‍ക്കാരിന്‍റെയും സ്വകാര്യമേഖലയിലേയുും എല്ലാ യോഗങ്ങളും ഓൺലൈനായി മാത്രമേ നടത്താവൂ. വാരാന്ത്യ ലോക്ക്ഡൗണില്‍ അവശ്യസർവീസുകൾ മാത്രമേ ഉണ്ടാകു. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ എന്നിവ ശനിയാഴ്ച അവധി.