വണ്ടിപ്പെരിയാര്‍ തെളിവെടുപ്പിനിടെ  നാടകീയ രംഗങ്ങള്‍ ; പ്രതി അർജുന്റെ കരണത്തടിച്ച് നാട്ടുകാർ ; 

പീഡന ശ്രമത്തിനിടെ ബോധരഹിതയായ കുട്ടിയെ പഴക്കുല തൂക്കുന്ന കയറിലാണ് പ്രതി ഷാള്‍ ഉപയോഗിച്ച്‌ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. ശേഷം വീടിന്റെ ജനല്‍ വഴി രക്ഷപ്പെടുകയായിരുന്നു. ഡമ്മി ഉപയോഗിച്ച്‌ നടത്തിയ തെളിവെടുപ്പില്‍ അര്‍ജുന്‍ ഇതെല്ലാം അന്വേഷണ സംഘത്തിന് മുന്നില്‍ വിശദീകരിച്ചു.
 | 
ARJUN

ഇടുക്കി : വണ്ടിപ്പെരിയാര്‍ പീഡനകൊലപാതക കേസില്‍ പ്രതി അര്‍ജുനുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ നാടകീയ രംഗങ്ങള്‍. പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ ഇതിനായി സ്ഥലത്തെത്തിയപ്പോള്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. അര്‍ജുനെ കണ്ട് പൊട്ടിത്തെറിച്ച ആളുകള്‍ ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. നാട്ടുകാരിലൊരാള്‍ അര്‍ജുന്റെ കരണത്തടിക്കുകയുമുണ്ടായി.

പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇത് രണ്ടാം തവണയാണ് പ്രതിയുമായി പോലീസ് പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ തെളിവെടുപ്പിനിടെ നാട്ടുകാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് ഇത്തവണ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിയന്ത്രണം നഷ്ടമായതോടെ പോലീസിനെ മറികടന്നും ഇവര്‍ പ്രതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പാണ് ഞായറാഴ്ച നടന്നത്. പീഡന ശ്രമത്തിനിടെ ബോധരഹിതയായ കുട്ടിയെ പഴക്കുല തൂക്കുന്ന കയറിലാണ് പ്രതി ഷാള്‍ ഉപയോഗിച്ച്‌ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. ശേഷം വീടിന്റെ ജനല്‍ വഴി രക്ഷപ്പെടുകയായിരുന്നു. ഡമ്മി ഉപയോഗിച്ച്‌ നടത്തിയ തെളിവെടുപ്പില്‍ അര്‍ജുന്‍ ഇതെല്ലാം അന്വേഷണ സംഘത്തിന് മുന്നില്‍ വിശദീകരിച്ചു.

കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ എന്നും പോലീസ് അന്വേഷിച്ച്‌ വരുന്നുണ്ട്. മറ്റേതെങ്കിലും പെണ്‍കുട്ടികളെ പ്രതി പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നും അന്വേഷിച്ച്‌ വരുന്നു. ജൂലായ് 13 വരെയാണ് തൊടുപുഴ പോക്സോ കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.