പ്രതികള്‍ക്ക് സിം കാര്‍ഡ് എടുത്ത് നല്‍കിയ രണ്ട് പേര്‍ കസ്റ്റംസ്‌ കസ്റ്റഡിയില്‍

സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട അര്‍ജ്ജുന്‍ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാര്‍ഡുകളാണെന്ന് തെളിഞ്ഞിരുന്നു.
 | 
arjun ayanki

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ രണ്ട് പേര്‍കൂടി കസ്റ്റംസ് കസ്റ്റഡിയില്‍. മുഹമ്മദ് ഷാഫി, അര്‍ജ്ജുന്‍ ആയങ്കി എന്നിവര്‍ക്ക് സിംകാര്‍ഡ് എടുത്തു നല്‍കിയ പാനൂര്‍ സ്വദേശി അജ്മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്.

സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട അര്‍ജ്ജുന്‍ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാര്‍ഡുകളാണെന്ന് തെളിഞ്ഞിരുന്നു. സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തത്.

കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ടി പി കേസിലെ പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകും. രാവിലെ 11 മണിക്ക് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് ഷാഫിക്ക് നോട്ടീസ് നല്‍കിയത്. കൊടിസുനിയും ഷാഫിയും അടങ്ങുന്ന സംഘം കണ്ണൂര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ രക്ഷധികാരികള്‍ ആണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുള്ളത്.

ഷാഫിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലിസ് യൂനിഫോമില്‍ ഉപയോഗിക്കാറുള്ള സ്റ്റാര്‍ അടക്കം കണ്ടെത്തിയിരുന്നു. നിലവില്‍ പരോളില്‍ കഴിയുന്ന ഷാഫിയ്ക്ക് പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചതിലും പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.