തൃശ്ശൂര്‍ പൂരത്തിനിടെ മരം  പൊട്ടി വീണ് 2 പേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്, വെടിക്കെട്ട് ഉപേക്ഷിച്ചു

മഠത്തില്‍ വരവിനിടെ മരം വീണ് പഞ്ചവാദ്യത്തിന്‍റെ ആളുകള്‍ അടിയില്‍ പെടുകയായിരുന്നു
 | 
തൃശ്ശൂര്‍ പൂരത്തിനിടെ മരം പൊട്ടി വീണ് 2 പേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്, വെടിക്കെട്ട് ഉപേക്ഷിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടമുണ്ടായി രണ്ടുപേര്‍ മരിച്ചു.അപകടത്തില്‍ തിരുവമ്ബാടി ദേവസ്വം അംഗങ്ങളായ രണ്ട് പേരാണ് മരിച്ചത്. നടത്തറ സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.


പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ മരം വീണ് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. 25 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്ത് ഫയര്‍ഫോഴ്‌സ് ആല്‍മരം മുറിച്ച്‌ മാറ്റി. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്.

ബ്രഹ്‌മസ്വം മഠത്തിന് സമീപത്തെ ആല്‍ ശാഖ പൊട്ടി വീണ് പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്. മഠത്തില്‍ വരവിനിടെ മരം വീണ് പഞ്ചവാദ്യത്തിന്‍റെ ആളുകള്‍ അടിയില്‍ പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. മരം വീണ ഉടന്‍ ആന ഭയന്നു ഓടി.

വൈദ്യുതി കമ്ബിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലര്‍ക്ക് വൈദ്യുതി ആഘാതം ഏല്‍ക്കുകയും കൈ പൊള്ളിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച്‌ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ദുരന്തസാഹചര്യത്തില്‍ വെടിക്കെട്ട് ഉപേക്ഷിക്കാന്‍ തിരുവമ്ബാടിയും പാറമേക്കാവും തീരുമാനിച്ചു. തിരുവമ്ബാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചത് അടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് വെടിക്കെട്ട് ഉപേക്ഷിച്ചത്.