തൃശ്ശൂർ പൂരത്തിന് സമാപനം; തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു ; അടുത്ത പൂരം 2022 മെയ് 10 ന്

മരം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ച സാഹചര്യത്തിലാണ് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ആഘോഷം കുറച്ച് നടത്തിയ തൃശ്ശൂർ പൂരം വെട്ടിച്ചുരുക്കിയത്.
 | 
തൃശ്ശൂർ പൂരത്തിന് സമാപനം; തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു ; അടുത്ത പൂരം 2022 മെയ് 10 ന്

തൃശ്ശൂർ പൂരത്തിന് സമാപനം.ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകൾ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ തൃശ്ശൂർ പൂരത്തിൻ്റെ ആഘോഷ ചടങ്ങുകൾ സമാപിച്ചത്. ഇന്നലെ അർധരാത്രിയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ മരം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ച സാഹചര്യത്തിലാണ് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ആഘോഷം കുറച്ച് നടത്തിയ തൃശ്ശൂർ പൂരം വെട്ടിച്ചുരുക്കിയത്.

ഉച്ചവരെ ഉണ്ടാവാറുള്ള പകൽപ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലി പിരിയലും രാവിലെ തന്നെ പൂർത്തിയാക്കിയാണ് തൃശ്ശൂർ പൂരം ഇന്ന് രാവിലെ എട്ടരയോടെ സമാപിച്ചത്. ഉപാചരം ചൊല്ലി പിരിയാനായി ഒരാനപ്പുറത്താണ് തിരുവമ്പാടിയും പാറമേക്കാവും എഴുന്നള്ളിയത്. തിരുവമ്പാടി നേരത്തെ തന്നെ ഒരാനപ്പുറത്ത് എഴുന്നള്ളും എന്ന് വ്യക്തമാക്കിയിരുന്നു. ഇന്നലെയുണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് 15 ആനകളെ വച്ചു നടത്താനിരുന്ന എഴുന്നള്ളത്ത് ഒരാനയെവച്ച് നടത്തുകയിരുന്നു.

alsoread തൃശ്ശൂര്‍ പൂരത്തിനിടെ മരം  പൊട്ടി വീണ് 2 പേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്, വെടിക്കെട്ട് ഉപേക്ഷിച്ചു

മേളത്തിൻ്റെ സമയവും വാദ്യക്കാരുടെ എണ്ണവും കുറച്ച് എഴുന്നള്ളിയ ഭഗവതിമാർ ശ്രീമൂലം സ്ഥാനത്ത് വന്ന് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് തൃശ്ശൂർ പൂരത്തിന് സമാപനമായത്. അടുത്ത തൃശ്ശൂർ പൂരത്തിനുള്ള തീയതി നിശ്ചയിച്ച ശേഷമാണ് പൂരത്തിന് സമാപനമായത്. 2022 മെയ് 10-നാണ് അടുത്ത തൃശ്ശൂർ പൂരം. മെയ് പതിനൊന്നിനായിരിക്കും പകൽപ്പൂരം.

മുപ്പത് കൊല്ലത്തിലേറെയായി തൃശ്ശൂർ പൂരം നടത്തിപ്പിനും തിരുവമ്പാടി ക്ഷേത്രത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ച പൂച്ചെട്ടി സ്വദേശി രമേശനും, പൂങ്കുന്നം സ്വദേശിയായ പനയത്ത് രാധാകൃഷ്ണനുമെന്ന് തിരുവമ്പാടി ദേവസ്വം അധികൃതർ പറയുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം ദേവസ്വം ചർച്ച ചെയ്യുമെന്നും ദേവസ്വം വ്യക്തമാക്കി.

തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ പൂച്ചെട്ടി സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവർ മരിച്ചു. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ കൂറ്റന്‍ ആല്‍മരത്തിന്‍റെ ശാഖ ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്.