ചരിത്ര ഭൂരിപക്ഷം സ്വന്തമാക്കിയവർ ഇവരൊക്കെ ; വമ്പിച്ച വിജയം നൽകിയത് കണ്ണൂരുകാർ 

കേരളത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം മട്ടന്നൂരിൽ മത്സരിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക്
 | 
ചരിത്ര ഭൂരിപക്ഷം സ്വന്തമാക്കിയവർ ഇവരൊക്കെ ; വമ്പിച്ച വിജയം നൽകിയത് കണ്ണൂരുകാർ

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ, കേരളത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം മട്ടന്നൂരിൽ മത്സരിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക്. 60963 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശൈലജ ടീച്ചർ യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തിയെ തോൽപ്പിച്ചത്. അതേസമയം സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തൽമണ്ണയിലാണ്. ഇവിടെ യുഡിഎഫ് സ്ഥാനാർഥി മുസ്ലീം ലീഗിലെ നജീബ് കാന്തപുരം 38 വോട്ടുകൾക്കാണ് വിജയിച്ചത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ. പി മുസ്തഫയെയാണ് നജീബ് കാന്തപുരം തോൽപ്പിച്ചത്.

ഉയർന്ന ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പിന്നിൽ രണ്ടാമതുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. കോൺഗ്രസിലെ സി രഘുനാഥിനെതിരെ 50123 വോട്ടുകൾക്കാണ് പിണറായി വിജയന്‍റെ ജയം. കഴിഞ്ഞ തവണ 36905 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ നിയമസഭയിൽ എത്തിയത്. കണ്ണൂർ ജില്ലയിലെ പയ്യൂന്നൂരിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഭൂരിപക്ഷം. ഇവിടെ മത്സരിച്ച വി എ മദുസൂദനൻ 49780 വോട്ടുകൾക്കാണ് ജയിച്ചത്.കല്യാശേരിയിൽ മത്സരിച്ച എം വിജിൻ(44393), ചേലക്കരയിൽ മത്സരിച്ച കെ രാധാകൃഷ്ണൻ(39400), ഉടുമ്പൻചോലയിൽ മത്സരിച്ച മന്ത്രി എം എം മണി(38305) എന്നിവരാണ് ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ പിന്നിലുള്ളത്. കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷം നേടിയ പി ജെ ജോസഫിന് ഇത്തവണ 20209 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്.