കേരളത്തില്‍ ആദ്യമായി നീലത്തിമിംഗലത്തിന്റെ ശബ്ദം റെക്കോഡ് ചെയ്തു

കൂനന്‍ തിമിംഗിലം എന്ന ഇനം ഈ തീരത്തിനടുത്തുകൂടി ദേശാടനം നടത്താറുള്ളതായി ഗവേഷകര്‍ക്ക് നേരത്തെ സൂചന കിട്ടിയിരുന്നു.
 | 
neela thimingalam

കഴക്കൂട്ടം: കേരളത്തില്‍ ആദ്യമായി നീലത്തിമിംഗലത്തിന്റെ ശബ്ദം റെക്കോഡ് ചെയ്തു. ദേശാടനം നടത്തിയ ഒന്നോ രണ്ടോ തിമിംഗിലങ്ങളുടെ ശബ്ദമാണ് ഗവേഷകര്‍ റെക്കോഡ് ചെയ്തത്. വിഴിഞ്ഞത്തിനടുത്ത് റെക്കോഡ് ചെയ്ത ഓഡിയോക്ലിപ്പില്‍ മൂന്നു തവണ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്.

പഠനത്തിന്റെ ഭാഗമായി, വിഴിഞ്ഞത്തിനും പൂവാറിനുമിടയില്‍ തീരത്തു നിന്ന് അമ്പതു മീറ്റര്‍ മാറി കടലില്‍, മൂന്നു മാസം മുമ്പ് ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇവയില്‍ നിന്നാണ് നീലത്തിമിംഗലത്തിന്റെ ശബ്ദം കിട്ടിയത്. ഗവേഷകര്‍ റെക്കോഡ് ചെയ്ത ശബ്ദം അപഗ്രഥിച്ചുകൊണ്ടിരിക്കുകയാണ്.

അഹമ്മദാബാദിലെ ദിപാനി സുപാരിയയെന്ന ശാസ്ത്രജ്ഞയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ തീരക്കടലിനടുത്ത് തിമിംഗലങ്ങളുണ്ടോ എന്നറിയാന്‍ പഠനം നടക്കുകയാണ്. ഇതില്‍ നിന്ന് വിഴിഞ്ഞത്തിനടുത്തുകൂടി ഒന്നിലേറെ നീലത്തിമിംഗലങ്ങള്‍ പോയിട്ടുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്.

കൂനന്‍ തിമിംഗിലം എന്ന ഇനം ഈ തീരത്തിനടുത്തുകൂടി ദേശാടനം നടത്താറുള്ളതായി ഗവേഷകര്‍ക്ക് നേരത്തെ സൂചന കിട്ടിയിരുന്നു. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എ. ബിജുകുമാറും വിഴിഞ്ഞം കരിങ്കുളം സ്വദേശിയായ ഗവേഷകന്‍ കുമാര്‍ സഹായരാജുവും ഈ ഗവേഷണത്തോട് സഹകരിക്കുന്നുണ്ട്