തൈ വെയ്ക്കാം തണലേകാം ; ഇന്ന് ലോക പരിസ്ഥിതി ദിനം 

 | 
ENVIORNMENTAL DAY

ഇന്ന് ലോക പരിസ്ഥിതി ദിനം. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. 

ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം ആണ് ഇത്തവണത്തെ സന്ദേശം. പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ ഓര്‍മകളില്‍ കൂടിയാണ് ഇത്തവണത്തെ പരിസ്ഥിതിദിനം കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം  87 ശതമാനം തണ്ണീര്‍ത്തടങ്ങളാണ് ‍നമ്മുക്ക് നഷ്ടപ്പെട്ടത്. കൊവിഡാനന്തരം എങ്കിലും മനുഷ്യന്‍ പരിസ്ഥിതി ജീവിയാകണം.

ഭൂമിയില്‍ താന്‍ മാത്രമല്ലെന്ന് തിരിച്ചറിയണം. കുന്നും കൂനയും കാടും കരയും കടലും പുഴയും ഒഴുക്കും മനസിലുണ്ടാകണം. വികസന വഴിയാത്രകള്‍ പരിസ്ഥിതി ദൂരത്തിലൂടെയാക്കണം. ഇത്തവണത്തെ സന്ദേശം പോലെ നമ്മൾ പരിസ്ഥിതിയുടെ മുറിവുണക്കണം.ഇതിനായി അന്‍പത് ലക്ഷത്തോളം വൃക്ഷത്തൈകളാണ് ഈ കോവിഡ് പ്രതിസന്ധിക്കിടയിലും വനംവകുപ്പ് തയ്യാറാക്കിയത്. വൃക്ഷത്തൈവിതരണ - പരിസ്ഥിതി പുനഃസ്ഥാപന പരിപാടികളുടെയും ലോക പരിസ്ഥിതി ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് കോഴിക്കോട് ചേവായൂര്‍ സര്‍ക്കാര്‍ ത്വക് രോഗാശുപത്രിയില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.