കോവിഡ് വാക്‌സിന്‍ കേന്ദ്രം സൗജന്യമായി ലഭ്യമാക്കണം ; പ്രമേയം നിയമസഭ ഒറ്റക്കെട്ടായി പാസാക്കി

നിർബന്ധിത ലൈസൻസിംഗ് ഉപയോഗിച്ച് പൊതുമേഖലാ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ വാക്സിനുകൾ നിർമ്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
 | 
niyamasabha

തിരുവനന്തപുരം: കോവിഡ് വാക്സിൻ സൗജന്യമായും സമയബന്ധിതമായും കേന്ദ്രസർക്കാർ ലഭ്യമാക്കണമെന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. ചട്ടം 118 അനുസരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. നിർബന്ധിത ലൈസൻസിംഗ് ഉപയോഗിച്ച് പൊതുമേഖലാ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ വാക്സിനുകൾ നിർമ്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

ചോദ്യോത്തര വേളയില്‍ അടിയന്തര പ്രമേയത്തെ ചൊല്ലി വാദപ്രതിവാദം നടന്നു.ദേശീയതലത്തില്‍ 22 രോഗികളില്‍ ഒന്നു മാത്രം രേഖയിലുള്ളപ്പോള്‍ കേരളത്തില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇകഴ്ത്തരുതെന്നും ഇതാണോ കോവിഡ് പ്രതിരോധത്തിനു നല്‍കുന്ന പിന്തുണയെന്നും വീണ ജോര്‍ജ് ചോദിച്ചു.

മരണനിരക്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും സംശയമുണ്ടെന്നും, വീഴ്ച ചൂണ്ടിക്കാണിക്കുന്നത് ഇകഴത്തലല്ലെന്നും പ്രതിപക്ഷനേതാവ് മറുപടി നല്‍കി. മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് എം.കെ.മുനീറും ആവശ്യപ്പെട്ടു.പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷം ചെറിയ ഭേദഗതികള്‍ ആവശ്യപ്പെട്ടു. ഇത് കൂടി അംഗീകരിച്ചാണ് പ്രമേയം ഐകകണ്‌ഠേന പാസാക്കിയത്.