പ്രതീക്ഷയോടെ കേരളം ; രണ്ടാം പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റ് ഇന്ന്   

ലോക്ക്ഡൗണ്‍ ആഘാതം ഏറ്റവുമധികം നേരിട്ട ചെറുകിട വ്യാപാര, വ്യവസായ മേഖലകളും ടൂറിസവും കൈത്താങ്ങ് പ്രതീക്ഷിക്കുന്നു.
 | 
balagopal
കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയായിരിക്കും പുതിയ ബജറ്റെന്ന് പ്രതീക്ഷിക്കാം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് ഇന്ന്. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുക. ജനുവരിയില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസകിന്റെ ബജറ്റിന്റെ തുടര്‍ച്ചയാണെങ്കിലും പുതിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.

കെഎന്‍ ബാലഗോപാലിന്റെ കന്നി ബജറ്റാണിത്. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയായിരിക്കും പുതിയ ബജറ്റെന്ന് പ്രതീക്ഷിക്കാം. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുകയെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

അതിവേഗ റെയില്‍ പാത ഉള്‍പ്പെടെ ചില വമ്പന്‍ പദ്ധതികളും ഉണ്ടായേക്കും. കോവിഡ് വാക്‌സിന്‍ വാങ്ങാനാവശ്യമായ തുക വകയിരുത്തും. പുതിയ വരുമാന മാര്‍ഗങ്ങളില്ലാത്ത സ്ഥിതിയില്‍ നികുതി കൂട്ടുക എന്നതാണ് പൊതുവേ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന വഴി. എന്നാല്‍ സാധാരണക്കാരുടെ വരുമാനം പൂര്‍ണമായും ഇല്ലാതാക്കിയ കോവിഡിന് ഇടയില്‍ നികുതി കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് സൂചന.

ഇടതു മുന്നണിയുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. കടലാക്രമണം പ്രതിരോധിക്കാനുള്ള പദ്ധതിയും ബജറ്റില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോക്ക്ഡൗണ്‍ ആഘാതം ഏറ്റവുമധികം നേരിട്ട ചെറുകിട വ്യാപാര, വ്യവസായ മേഖലകളും ടൂറിസവും കൈത്താങ്ങ് പ്രതീക്ഷിക്കുന്നു.

നികുതി - നികുതിയിതര വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി ഉണ്ടായേക്കും. ഭൂമിയുടെ ന്യായവില കൂട്ടിയേക്കും. ജിഎസ്ടിക്ക് മുമ്പുളള കുടിശിക പിരിച്ചെടുക്കല്‍, മദ്യത്തിന് കോവിഡ് സെസ് തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. ബജറ്റിനൊപ്പം ഒഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള വോട്ടോണ്‍ അക്കൗണ്ടും ധനമന്ത്രി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.