സുകുമാരന്‍ നായരുടെ മകള്‍ എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ചു

നന്ദികേടിന്റെ പേരാണ് ‘ചങ്ങനാശേരിയിലെ തമ്ബ്രാന്‍’ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം

 | 
സുകുമാരന്‍ നായരുടെ മകള്‍ എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ചു
മൂന്നുവര്‍ഷംകൂടി കാലാവധി ബാക്കിനില്‍ക്കെയാണ് സുജാതയുടെ രാജി.

ചങ്ങനാശ്ശേരി: എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ. സുജാത എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ചു. എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം വന്നതിന് പിന്നാലെയാണ് രാജി. വെള്ളാപ്പള്ളിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ഏഴുവര്‍ഷമായി എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി സേവനമനുഷ്ടിച്ച്‌ വരികയാണ് തന്റെ മകള്‍. ആദ്യം യുഡിഎഫും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരും സുജാതയെ ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുകയായിരുന്നുവെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഇടത്-വലത് വ്യത്യാസമില്ലാതെ സുജാതയെ നോമിനേറ്റ് ചെയ്തത്. ഇതിന് വേണ്ടി താനോ തന്റെ മകളോ എതെങ്കിലും രാഷ്ട്രീയ നേതാക്കളെ സമീപിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ അവകാശപ്പെട്ടു.

നന്ദികേടിന്റെ പേരാണ് ‘ചങ്ങനാശേരിയിലെ തമ്ബ്രാന്‍’ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. അദ്ദേഹം വ്യക്തിപരമായി ആനുകൂല്യം നേടിയ ആളാണ്. ആര് ഭരിച്ചാലും എം ജി സര്‍വകലാശാലയില്‍ മകള്‍ സിന്‍ഡിക്കേറ്റ് മെമ്ബറായി ഇരിക്കുന്നു. ഈ ആനുകൂല്യം വാങ്ങി സുഖം അനുഭവിക്കുന്ന ആളാണ് അദ്ദേഹം. എല്‍ഡിഎഫും വേണ്ട ആനുകൂല്യങ്ങള്‍ നല്‍കി. എന്നിട്ടും എല്‍ഡിഎഫിനെ തള്ളിപ്പറയുന്നതിനെ നന്ദികേട് എന്ന് മാത്രമേ പറയാന്‍ സാധിക്കൂ എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

മൂന്നുവര്‍ഷംകൂടി കാലാവധി ബാക്കിനില്‍ക്കെയാണ് സുജാതയുടെ രാജി. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.