ലക്ഷദ്വീപില്‍ കാവി അജണ്ട അടിച്ചേല്‍പ്പിക്കുന്നു;അഡ്‌മിനിസ്‌ട്രേറ്ററെ ഉടന്‍ നീക്കണം; കേരള നിയമസഭയില്‍ ഒരുമയോടെ പ്രമേയം 

തെങ്ങുകളില്‍ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച ഇടപെടല്‍ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നു കഴിഞ്ഞു
 | 
NIYAMASABHA

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. സംഘപരിവാറിനേയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചാണ് പ്രമേയം.ജില്ലാ പഞ്ചായത്ത് അധികാരം എടുത്ത് കളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

ലക്ഷദ്വീപില്‍ കാവി അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേറ്റ് താല്‍പര്യങ്ങളും ദ്വീപിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നും ദ്വീപ് വാസികളുടെ ഉപജീവന മാര്‍ഗം തകര്‍ക്കുന്ന നടപടികളാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗോവധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ ദ്വീപില്‍ നടപ്പാക്കുകയാണെന്നും, ദ്വീപ് ജനതയുടെ ജീവിതം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പ്രത്യേക പ്രമേയത്തില്‍ പറയുന്നു.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ മുസ്ലിം ലീഗും, കോണ്‍ഗ്രസും ഭേദഗതി ആവശ്യപ്പെട്ടു. കേന്ദ്രത്തെ പേരെടുത്ത് വിമര്‍ശിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പ്രമേയത്തോട് പൂര്‍ണമായി യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ കൊണ്ട് വന്ന ജനസംഘ്യ നിയന്ത്രണ നിയമത്തെ അറബിക്കടലില്‍ എറിയണമെന്ന് വി ഡി സതീശന്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.

പ്രമേയാവതരണത്തിന് ശേഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നന്ദി പ്രമേയ ചര്‍ച്ച നടക്കും. മുന്‍ ആരോഗ്യമന്ത്രിയും പാര്‍ട്ടി വിപ്പുമായ കെകെ ശൈലജയായിരിക്കും തുടക്കമിടുക. സഭാ ചരിത്രത്തിലാദ്യമായാണ് ഒരു വനിത അംഗം നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത്.