കർക്കിടക മാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും ;ഭക്തർക്ക് നിയന്ത്രണങ്ങളോടെ ദർശനം

.48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് ആർടിപിസിആർ പരിശോധന നെഗറ്റീവ് സർട്ടിഫിക്കേറ്റോ, അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കുമാണ് പ്രവേശനാനുമതി.
 | 
sabarimala


 കർക്കിടക മാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഭക്തർക്ക് നിയന്ത്രണങ്ങളോടെ ദർശനം നടത്താൻ ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കി ദേവസ്വം ബോർഡ്.

ഒരിടവേളയ്ക്ക് ശേഷമാണ് കൊവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ വീണ്ടും ഭക്തർക്ക് ദർശനം സൗകര്യം ഒരുങ്ങുന്നത്. വൈകിട്ട് അഞ്ചുമണിയോടെ ക്ഷേത്ര നട തുറക്കും.

തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിൽ മേൽശാന്തി നട തുറന്ന് ദീപങ്ങൾ തെളിക്കും. ശനിയാഴ്ച പുലർച്ചെ മുതലാണ് ഭക്തർക്ക് പ്രവേശനം. വെർച്വൽ ക്യൂ ബുക്കിങ്ങിലൂടെ അനുമതി ലഭിച്ചവരെ മാത്രമേ ദർശനത്തിനായി അനുവാദം നൽകുകയുള്ളു.48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് ആർടിപിസിആർ പരിശോധന നെഗറ്റീവ് സർട്ടിഫിക്കേറ്റോ, അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കുമാണ് പ്രവേശനാനുമതി.

പ്രതിദിനം 5000 പേരെയാണ് മലകയറാൻ അനുവദിക്കുക. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തിന് പമ്ബയിലും സന്നിധാനത്തുമായി ചുമതല നൽകിയിട്ടുണ്ട്. തീർത്ഥാടകർക്കായി കെഎസ്‌ആർടിസി പ്രത്യേക സർവീസുകൾ ആരംഭിക്കും.നിലയ്ക്കൽ - പമ്ബ ചെയിൻ സർവീസിനായി കൂടുതൽ ബസുകൾ ഏർപ്പെടുത്തി. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പൂജാ ചടങ്ങുകൾ പൂർത്തിയാക്കി ഈ മാസം 21 ന് ആണ് നട അടയ്ക്കുക.