കണ്ടറിയണം സഖാവെ ഇനി സി.പി.എമ്മിന് എന്ത് സംഭവിക്കുമെന്ന്..! ,കുമ്പക്കുടി സുധാകരനെ അറിയുന്നവരാണ് കണ്ണൂരുകാര്‍ 

കമ്യൂണിസ്റ്റ് അക്രമങ്ങളെ പ്രതിരോധിക്കാന്‍ സഹിഷ്ണുതയുടെ ശൈലി സ്വീകരിച്ചിട്ടില്ലായിരിക്കാം പക്ഷേ അദ്ദേഹം ഒരാളെയും 51 വെട്ടോ 39 വെട്ടോ വെട്ടി കൊന്നു തള്ളിയിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ 
 | 
k sudhakaran

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിതനായതിന് പിന്നാലെ, കെ സുധാകരനെതിരെ സിപിഐഎം നടത്തുന്ന സോഷ്യല്‍ മീഡിയാ പ്രചരണങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കള്ള വോട്ടുകള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ പോരാട്ടത്തിന്റെ കഥകളാണ് സുധാകരന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായിരുന്നത്. അത് കൊണ്ടാണ് സിപിഐഎമ്മിന് സുധാകരന്‍ ഗുണ്ടയും കേരളീയ പൊതു സമൂഹത്തിന് സുധാകരന്‍ ഉശിരുള്ള നേതാവുമായതെന്ന് രാഹുല്‍ പറഞ്ഞു.

‘തിളച്ചു മറിയുന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്നും സിപിഐഎമ്മിന്റെ അക്രമങ്ങള്‍ക്കെതിരെ പരിച കാട്ടിയും കോണ്‍ഗ്രസ് ആശയം ഉയര്‍ത്തിയും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉയരുകയും ചെയ്ത കെ.സുധാകരന്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ അമരത്തേക്കുയര്‍ന്നപ്പോള്‍ ‘കള്ളമറിയാന്‍ നേരത്തെയറിയാനായി’ മലയാളിയുടെ പുലരിയിലേക്കെത്തുന്ന ദേശാഭിമാനി മുതല്‍ സി.പിഎം സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആവര്‍ത്തിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്ന വാക്കാണ് ഗുണ്ട സുധാകരനെന്ന്‌.

കണ്ണൂരിലെ നടാലില്‍ ജനിച്ച കുമ്പക്കുടി സുധാകരനൊരിക്കലും സിപിഐഎം വാള്‍ത്തലപ്പുകളെ ഭയന്ന് ഒളിച്ച് നടന്നിട്ടില്ല, അത് കൊണ്ട് സുധാകരന് ഒളിവിലെ ഓര്‍മകളെന്ന് പറഞ്ഞ് പുസ്തകമെഴുതാനും കഴിയില്ല. കമ്യൂണിസ്റ്റ് അക്രമങ്ങളെ പ്രതിരോധിക്കാന്‍ സഹിഷ്ണുതയുടെ ശൈലി സ്വീകരിച്ചിട്ടില്ലായിരിക്കാം പക്ഷേ അദ്ദേഹം ഒരാളെയും 51 വെട്ടോ 39 വെട്ടോ വെട്ടി കൊന്നു തള്ളിയിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ തുറന്നടിച്ചു.

കടക്ക് പുറത്തെന്ന ശൈലിയെ ഇരട്ടച്ചങ്കെന്ന് വിശേഷിപ്പിക്കുന്നവര്‍ക്ക് സുധാകരന്റെ ആര്‍ദ്രതയും കരുണയും തിരിച്ചറിച്ചറിയാനാവില്ല. ആവലാതികള്‍ക്കും പരാതികള്‍ക്കുമായി രാവിലെ മുതല്‍ അദ്ദേഹത്തിന് ചുറ്റും വരുന്ന ആള്‍ക്കൂട്ടങ്ങളോട് കാണിക്കുന്ന കരുതല്‍ ഒന്ന് നേരിട്ടറിയണം. തന്റെ അടുത്ത് പരാതിയും പരിഭവവും പ്രശ്‌നങ്ങളുമവതരിപ്പിക്കാന്‍ വരുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും മടങ്ങും നേരം അവരോട് ബസിന് കൊടുക്കാന്‍ കാശുണ്ടോ എന്നന്വേഷിച്ച് കാശ് നല്‍കി പറഞ്ഞയക്കുന്ന രാമുണ്ണിയുടെ മകന്‍ കുമ്പക്കുടി സുധാകരനെ അറിയുന്നവരാണ് കണ്ണൂരുകാര്‍, അത് കൊണ്ടാണല്ലോ നിങ്ങളുടെ നുണകള്‍ക്ക് മീതെ നടന്ന് അയാള്‍ നിയമസഭയിലും പാര്‍ലമെന്റിലും എത്തിയത്.
സംഘ പരിവാരത്തോട് കൂട്ടിക്കെട്ടാന്‍ നിങ്ങളെത്ര ശ്രമിച്ചാലും സുധാകരന്റെ സെക്കുലറിസത്തില്‍ കറ വീഴ്ത്താന്‍ നിങ്ങള്‍ക്കാവില്ല’. രാഹുല്‍ പറയുന്നു.

‘സിപിഐഎം സംഘടനാ സംവിധാനവും നേതൃനിരയുമുള്ള അവരുടെ മോസ്‌കോയില്‍ തന്റെ മൂര്‍ച്ചയുള്ള വാക്കും പ്രവൃത്തിയുമായി കോണ്‍ഗ്രസിന്റെ മൂവര്‍ണ്ണക്കൊടി ഉയര്‍ത്തിയ നേതാവായ സുധാകരന്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ പങ്കായമേന്തുമ്പോള്‍, കണ്ടറിയണം സഖാവെ ഇനി സിപിഎമ്മിന് എന്ത് സംഭവിക്കുമെന്ന്. അതിന്റെ മറുപടി സുധാകരന്റെ കണ്ണൂരില്‍ കോണ്‍ഗ്രസ്സിനെത്രയാണ് സീറ്റ് എന്നാണെങ്കില്‍, ഒറ്റ ഉത്തരം കൂടി, നിങ്ങളുടെ പിണറായി വിജയന്റെ MP K സുധാകരനാണ്’, രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.