കള്ള പ്രചാരണം ആണെങ്കിൽ  പോയി കേസ് കൊടുക്കണം;എന്ത് അന്വേഷണവും നേരിടാൻ തയ്യാർ;  കെ.സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത

ശബ്ദരേഖ പരിശോധിക്കണം.,ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണം
 | 
ckjanu k surendran
കാശ് കൊടുക്കുന്നതിന് മുമ്പും കെ സുരേന്ദ്രന്‍ ആശയവിനിമയം നടത്തിയിരുന്നു. കാശ് കിട്ടിയെന്നാണ് സി.കെ ജാനുവും പറഞ്ഞത്

കോഴിക്കോട്: സി.കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) നേതാവ് പ്രസീത അഴീക്കോട്. ശാസ്ത്രീയമായി പരിശോധിച്ച് ശബ്ദരേഖയുടെ ആധികാരികത തെളിയിക്കണം. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണ് സുരേന്ദ്രന്‍ പണം കൈമാറിയതെന്നും പ്രസീത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സി.കെ ജാനുവിന് താന്‍ പണം നല്‍കിയിട്ടില്ലെന്നും ഇന്നത്തെ കാലത്ത് ഒരു ഓഡിയോ റെക്കോര്‍ഡ് ചെയ്ത് അതില്‍ ആവശ്യമില്ലാത്തത് ഒഴിവാക്കാനും ആവശ്യമായ ഭാഗങ്ങള്‍ ചേര്‍ക്കാനും ഒരു ബുദ്ധിമുട്ടുമില്ല എന്ന് ഓര്‍ക്കണമെന്ന് കെ സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് പ്രസീത വെല്ലുവിളിയുമായി രംഗത്തെത്തിയത്.

alsoread കൊടകര കുഴല്‍പ്പണ കേസ് ;പണവുമായി ഒരു ബന്ധവുമില്ല;പുകമറ സൃഷ്ടിച്ചുകൊണ്ട് ബി.ജെ.പിയെ പ്രതികൂട്ടിലാക്കുന്നു; സുരേന്ദ്രൻ

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് കെ സുരേന്ദ്രന്‍. അദ്ദേഹത്തിനെതിരെ കള്ള പ്രചാരണം ആണ് നടത്തുന്നതെങ്കില്‍ കേസ് കൊടുക്കണം. ശബ്ദരേഖ പരിശോധിക്കണം. ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണം. ഒരു എഡിറ്റിംഗും ആ ഓഡിയോയില്‍ നടത്തിയിട്ടില്ല. സി.കെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രനും കേസ് കൊടുക്കണം. എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും പ്രസീത പറഞ്ഞു

തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണ് കാശ് കൈമാറിയത്. കെ സുരേന്ദ്രന്‍ നേരിട്ട് വന്നിരുന്നു. പ്രവര്‍ത്തകരെ പുറത്ത് നിര്‍ത്തിയാണ് കൈമാറ്റം നടക്കുന്നത്. കാശ് കൊടുക്കുന്നതിന് മുമ്പും കെ സുരേന്ദ്രന്‍ ആശയവിനിമയം നടത്തിയിരുന്നു. കാശ് കിട്ടിയെന്നാണ് സി.കെ ജാനുവും പറഞ്ഞത്. മാര്‍ച്ച് ഏഴിന് രാവിലെയും വൈകിട്ടും ജാനു താമസിക്കുന്ന ഹോട്ടലില്‍ സുരേന്ദ്രന്‍ എത്തി. വയനാട്ടില്‍ സി.കെ ജാനു നടത്തിയ ഇടപാടുകള്‍ പരിശോധിച്ചാല്‍ കാശ് ചെലവഴിച്ച കാര്യം ബോധ്യപ്പെടുമെന്നും പ്രസീത അഴിക്കോട് പറഞ്ഞു.