സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പൊലീസിന്റെ പിങ്ക് പ്രൊട്ടക്ഷന്‍ ഇന്നുമുതല്‍

 | 
pink police

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേരള പൊലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടിന് ഇന്ന് തുടക്കമാകും. രാവിലെ 10.30 ന് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിന് മുന്നില്‍, പിങ്ക് പട്രോള്‍ സംഘങ്ങള്‍ക്ക് നല്‍കിയ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ഡിജിപി അനില്‍കാന്ത് ചടങ്ങില്‍ പങ്കെടുക്കും. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ അതിക്രമങ്ങള്‍, പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള മോശം പെരുമാറ്റം തുടങ്ങിയവ നേരിടുന്നതിനായാണ് പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടിന് കേരള പൊലീസ് തുടക്കം കുറിച്ചത്. എല്ലാ ജില്ലകളിലും പിങ്ക് കണ്‍ട്രോള്‍ റൂമും ഇന്ന് തുടങ്ങും.

ഗാര്‍ഹിക പീഡന വിവരങ്ങള്‍ ശേഖരിക്കുന്ന പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനം, കെഎസ്ആര്‍ടിസി-സ്വകാര്യ ബസുകള്‍, സ്‌കൂള്‍, കോളജ്, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ക്ക് മുന്നില്‍ ഏര്‍പ്പെടുത്തുന്ന പിങ്ക് ബീറ്റ്, തിരക്കേറിയ പ്രദേശങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താന്‍ പിങ്ക് ഷാഡോ പട്രോള്‍ ടീം, വനിത ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്ന ബുള്ളറ്റ് പട്രോള്‍ സംഘമായ പിങ്ക് റോമിയോ എന്നിവയും ഇന്ന് നിലവില്‍ വരും.