ഇനി ജീവ വായുവുമായി നെട്ടോട്ടം ഓടേണ്ട !!  ഓക്സിജൻ പാർലർ തുറന്ന് കേരളം 

ഓക്സിജന്‍ നിലയില്‍ പെട്ടെന്ന് വ്യതിയാനമുണ്ടായാല്‍ ചികിത്സ ലഭിക്കാന്‍ താമസമുണ്ടായേക്കുമെന്ന ആശങ്ക അകറ്റാനും ഇത് ഉപകരിക്കും
 | 
ഇനി ജീവ വായുവുമായി നെട്ടോട്ടം ഓടേണ്ട !! ഓക്സിജൻ പാർലർ തുറന്ന് കേരളം
.24 മണിക്കൂറും ഓക്സിജന്‍ ലഭ്യമാക്കാന്‍ കഴിയുന്ന കോണ്‍സെന്‍ട്രേറ്റര്‍ മെഷീന്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്.

കോട്ടയം: വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് രക്തത്തിലെ ഓക്സിജൻ നില പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ ഓക്സിജൻ ലഭ്യമാക്കുന്നതിനും ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ഓക്സിജൻ പാർലറുകൾ തുറക്കുന്നു. ആദ്യ പാർലർ മണർകാട് സെൻറ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലെ സി എഫ് എൽ ടി സിയിൽ പ്രവർത്തനമാരംഭിച്ചു.

ഓക്സിജന്‍ നിലയില്‍ പെട്ടെന്ന് വ്യതിയാനമുണ്ടായാല്‍ ചികിത്സ ലഭിക്കാന്‍ താമസമുണ്ടായേക്കുമെന്ന ആശങ്ക അകറ്റാനും ഇത് ഉപകരിക്കും. വീട്ടില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ പ്രോട്ടോക്കോള്‍ പാലിച്ച്‌ പാര്‍ലറില്‍ എത്തിയാല്‍ പരിശാധന നടത്താനും ആവശ്യമെങ്കില്‍ ഓക്ജിജന്‍ സ്വീകരിക്കാനും കഴിയും. 24 മണിക്കൂറും ഓക്സിജന്‍ ലഭ്യമാക്കാന്‍ കഴിയുന്ന കോണ്‍സെന്‍ട്രേറ്റര്‍ മെഷീന്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു മിനിറ്റില്‍ അഞ്ചു ലിറ്റര്‍ ഓക്സിജന്‍ (93 ശതമാനം) ലഭ്യമാക്കാന്‍ കഴിയും. അന്തരീക്ഷത്തിലെ ഓക്സിജന്‍ ആണ് യന്ത്രത്തില്‍ ശേഖരിക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റോക്ക് തീരുന്ന സാഹചര്യമില്ല. സജ്ജീകരിക്കുന്നതിന് 50,000 രൂപയോളം വരെ ചെലവുവരും.

കോവിഡ് രോഗി പാര്‍ലറില്‍ എത്തി രണ്ടു മിനിറ്റ് വിശ്രമിച്ച ശേഷം ആദ്യം പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച്‌ രക്തത്തിലെ ഓക്സിജന്‍ നില പരിശോധിക്കും. ഇത് 94 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ ഓക്സിജന്‍ പാര്‍ലര്‍ ഉപയോഗിക്കേണ്ടതില്ല. എന്നാല്‍ ഓക്സിജന്‍ നില 94 ശതമാനത്തില്‍ കുറവാണെങ്കില്‍ കിയോസ്കിനുള്ളിലുള്ള ഓക്സിജന്‍ മാസ്ക് സാനിറ്റൈസ് ചെയ്തശേഷം മൂക്കും വായയും മൂടുന്ന രീതിയില്‍ ധരിച്ച്‌ മെഷീന്‍ ഓണ്‍ ചെയ്‌താല്‍ മെഷീനില്‍ നിന്ന് ഓക്സിജന്‍ ലഭിച്ചു തുടങ്ങും.

പത്ത് മിനിറ്റ് ഉപയോഗിച്ചശേഷം വീണ്ടും ഓക്സിജന്‍ നില അളക്കുമ്ബോള്‍ ഓക്സിജന്‍ 94 ശതമാനത്തില്‍ മുകളിലായാല്‍ രോഗിക്ക് വീട്ടിലേക്ക് മടങ്ങാം. അല്ലെങ്കില്‍ വീണ്ടും ഒന്നോ രണ്ടോ തവണ കൂടി മെഷീന്‍ ഉപയോഗിക്കാം. സംസ്ഥാനത്ത് ആദ്യമായാണ് വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കായി ഇത്തരമൊരു സംവിധാനം സജ്ജീകരിക്കുന്നത്.

ജില്ലാ കളക്ടർ എം. അഞ്ജന ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയും സന്നിഹിതയായിരുന്നു.