ഓപ്പറേഷന്‍ പി-ഹണ്ട്;കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച 28 പേർ പിടിയിൽ ;അറസ്റ്റിലായവരിൽ അഭിഭാഷകര്‍,ഐടി ഉദ്യോസ്ഥരടക്കം

കുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റ് ലിങ്കുകള്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. പണം നല്‍കിയാണ് ഇത്തരം സൈറ്റുകളില്‍ തത്സമയം ദൃശ്യങ്ങള്‍ കാണുന്നത്
 | 
CYBER ATTACK

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ 28 പേര്‍ പിടിയില്‍. ഇവരില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ് ഉള്‍പ്പടെ 420 തൊണ്ടിമുതലും പൊലീസ് പിടിച്ചെടുത്തു.

ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സംസ്ഥാനത്തെ 477 കേന്ദ്രങ്ങില്‍ ഓരേ സമയത്തായിരുന്നു പരിശോധന. കുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റ് ലിങ്കുകള്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. പണം നല്‍കിയാണ് ഇത്തരം സൈറ്റുകളില്‍ തത്സമയം ദൃശ്യങ്ങള്‍ കാണുന്നത്. തുടര്‍ന്നുള്ള പരിശോധനയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 28 പേര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാവാത്തവരുമുണ്ട്.

കൊല്ലത്തുള്ള പതിനേഴുകാരന്‍ മൂന്നാം തവണയാണ് സമാന കേസില്‍ പിടിയിലാവുന്നത്. വിദ്യാര്‍ത്ഥികള്‍, ഐടി മേഖലയില്‍ ഉള്ളവര്‍, ക്യാമറ, മൊബൈല്‍ കടക്കാര്‍ തുടങ്ങിയവരാണ് കണ്ണികള്‍. സമൂഹമാധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നത്. 328 കേസ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ഫോണും ലാപ്‌ടോപ്പും മൂന്ന് ദിവസത്തിലൊരിക്കല്‍ ഫോര്‍മാറ്റ് ചെയ്യുകയാണ് പതിവ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്ന ഓപ്പറേഷന്‍ പി ഹണ്ട് വഴി സംസ്ഥാനത്ത് ഇതുവരെ 493 പേരെയാണ് പിടിച്ചിട്ടുള്ളത്