ഐഷ സുല്‍ത്താനയ്ക്ക് എതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കരുത്: ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍

ചാനല്‍ ചര്‍ച്ചയ്ക്കിടെ ഐഷ തന്റെ ഫോണ്‍ പരിശോധിക്കുന്നത് കാണാമെന്നും ഇതാരോടാണ് ബന്ധപ്പെട്ടതെന്ന വിവരം ശേഖരിക്കേണ്ടതുണ്ടെന്നും കോടതിയില്‍ ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. എന്നാല്‍ ചാറ്റ് ഹിസ്റ്ററി അടക്കം നശിപ്പിക്കപ്പെട്ട നിലയിലാണ്. അതിനാല്‍ ഇനിയും ഐഷയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.
 | 
aisha
കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കെതിരെ ചുമത്തിയിട്ടുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കരുതെന്ന ആവശ്യവുമായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഐഷ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്നും, ഫോണില്‍ നിന്ന് രേഖകള്‍ നശിപ്പിച്ചതായി കണ്ടെത്തിയെന്നുമുളള ആരോപണങ്ങളും ലക്ഷദ്വീപ് ഭരണകൂടം ഉന്നയിച്ചു.ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ ഒരു സ്വകാര്യ ചാനലില്‍ സംസാരിക്കവേ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് ഐഷയ്ക്കെതിരെ പൊലീസ് കേസെടുത്തത്.