യാത്രക്കാരില്ല ..ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു ;  പത്ത് ദിവസത്തിനുള്ളില്‍ റദ്ദാക്കിയത് 18 തീവണ്ടികള്‍

 വരുംദിവസങ്ങളില്‍ കൂടുതല്‍ തീവണ്ടികള്‍ റദ്ദാക്കിയേക്കും
 | 
യാത്രക്കാരില്ല ..ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു ; പത്ത് ദിവസത്തിനുള്ളില്‍ റദ്ദാക്കിയത് 18 തീവണ്ടികള്‍

കൊച്ചി: യാത്രക്കാരില്ലാതായതോടെ കേരളത്തില്‍ റദ്ദാക്കിയത് 18 തീവണ്ടികള്‍. പത്തു ദിവസത്തിനുള്ളിലാണ് 18 തീവണ്ടികളും റദ്ദാക്കിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ തീവണ്ടികള്‍ റദ്ദാക്കിയേക്കും. അതിഥിത്തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്രയായതിനാല്‍ ദീര്‍ഘദൂര തീവണ്ടികളില്‍മാത്രമാണ് ആളുള്ളത്.

കേരളത്തിനുള്ളില്‍ ജോലിക്കാര്‍ മാത്രമാണിപ്പോള്‍ തീവണ്ടിയെ ആശ്രയിക്കുന്നത്. ചൊവ്വാഴ്ചമുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലടക്കം ഹാജര്‍ 25 ശതമാനമാക്കിയതോടെ ഇനിയും യാത്രക്കാര്‍ ഗണ്യമായി കുറയും. ശനിയാഴ്ച മംഗലാപുരത്തേക്ക് പോയ അന്ത്യോദയ എക്സ്‌പ്രസില്‍ രണ്ടു കോച്ചുകളിലേക്കുള്ള യാത്രക്കാരേ ഉണ്ടായിരുന്നുള്ളു. ആദ്യം കോച്ചുകള്‍ കുറച്ച്‌ പരീക്ഷണം നടത്തിയിരുന്നു.

കഴിഞ്ഞയാഴ്ച ബെംഗളൂരുവിലേക്കുള്ള കൊച്ചുവേളി-ബാനസ്വാടിയും എറണാകുളം-ബാനസ്വാടിയും നിര്‍ത്തിയിരുന്നു. അനിശ്ചിതമായാണ് ഈ തീവണ്ടികള്‍ റദ്ദാക്കിയത്. തിങ്കളാഴ്ചയോടെ ദക്ഷിണ-പശ്ചിമ റെയില്‍വേ, യശ്വന്ത്പൂര്‍-കണ്ണൂര്‍ തീവണ്ടി റദ്ദാക്കി. എന്നുവരെയാണ് റദ്ദാക്കലെന്ന് പറഞ്ഞിട്ടില്ല. ഇതോടെ മലബാറില്‍ നിന്നും ബെംഗളൂരു ഭാഗത്തേക്ക് വണ്ടികളില്ലാതായി. ഇതിന് പിന്നാലെയാണ് ദക്ഷിണറെയില്‍വേ 12 തീവണ്ടികള്‍ ഒറ്റയടിക്ക് റദ്ദാക്കിയത്.

ലോക്ഡൗണിന് സമാനമായ സാഹചര്യമായതിനാല്‍ രാത്രി ഒമ്ബതിനുശേഷം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നവര്‍ക്ക് യാത്രാസൗകര്യമില്ലാത്തത് ആളുകള്‍ കുറയാനുള്ള കാരണങ്ങളിലൊന്നാണ്.