നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; കുറ്റക്കാരായ ആറ് പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടും

രാജകുമാറിന്റെ കുടുംബത്തിനും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.
 | 
nedumkandam
കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാര്‍ക്ക് എതിരെ അച്ചടക്കനടപടി സ്വീകരിക്കും

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ആറ് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പോലീസ് മേധാവിക്കാണ് ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആറ് പോലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും മറ്റ് അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.എസ്‌ഐ കെഎ സാബു, എഎസ്‌ഐ റോയി, ഡ്രൈവര്‍ നിയാസ്, കോണ്‍സ്റ്റബിള്‍ ജിതിന്‍, ഹോംഗാര്‍ഡ് ജെയിംസ്, റിജിമോന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാര്‍ക്ക് എതിരെ അച്ചടക്കനടപടി സ്വീകരിക്കും. രാജകുമാറിന്റെ കുടുംബത്തിനും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വനിത പൊലീസ് ഉദ്യോഗസ്ഥരായ ഗീതു, അമ്പിളി എന്നിവര്‍ക്കെതിരെ പിഴ ചുമത്താനും വകുപ്പ് തല നടപടിയെടുക്കാനും നിര്‍ദേശം നല്‍കി.

ഇതിന് പുറമേ രാജ്കുമാറിന്റെ ചികിത്സയില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തും. ഒപ്പം രാജ് കുമാറിന്റെ ഭാര്യക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും, അമ്മക്ക് 5 ലക്ഷം രൂപയും നല്‍കും. ഇത്തരത്തില്‍ 45 രൂപ നഷ്ടപരിഹാരമായി നല്‍കാനും നിര്‍ദേശം നല്‍കി.

2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്ന് ദിവസം രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ 2019 ജൂണ്‍ 12നാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതെങ്കിലും ജൂണ്‍ 15നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡിലിരിക്കെ മരണപ്പെടുകയായിരുന്നു. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.