മുട്ടില്‍ മരം മുറി വിവാദം;വനം കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് പ്രതിപക്ഷം;അടിയന്തര പ്രമേയത്തിന് അനുമതിയില്ല
 

 | 
muttil marama cutting

തിരുവനന്തപുരം: മരംമുറിക്കേസുമായി ബന്ധപ്പെട്ട് കേരള നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. വയനാട് മുട്ടില്‍ ഉന്നതര്‍ക്ക് പങ്കെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. വനം കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടു നിന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.അന്വേഷണ ഉദ്യോഗസ്ഥന്‍ വന്നത് പോലും വനംകൊള്ളക്കാരുടെ അകമ്പടിയിലെന്ന് പി ടി തോമസും ആരോപിച്ചു.

നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈട്ടി തടികളാണ് മുറിച്ച് കടത്തിയത്. കരാര്‍ ഏറ്റെടുത്ത ഹംസയുടെ വെളിപ്പെടുത്തല്‍ ഗൗരവുമുള്ളതാണ്, സര്‍ക്കാരിനെ പ്രതികള്‍ സ്വാധീനിച്ചത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ തയാറുണ്ടോയെന്നും പ്രതിപക്ഷം ചോദിച്ചു.

അതേസമയം പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണവുമായി രംഗത്തെത്തി. മുട്ടില്‍ മരംമുറി നടന്നത് സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ്. റവന്യൂ ഭൂമിയിലെ മരങ്ങളാണ് മുറിച്ചത്. പത്ത് കോടി രൂപയുടെ 115 മരങ്ങള്‍ മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്തി. തടികള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നും മന്ത്രി അറിയിച്ചു. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല.