വിലാപയാത്രയ്ക്ക് കൂട്ടത്തോടെ സൈറൺ മുഴക്കി 25 ആംബുലൻസുകൾ ;പൊലീസ് കേസെടുത്തു

കൊട്ടാരക്കര സ്വദേശിയായ ആംബുലന്‍സ് ഡ്രൈവറുടെ മൃതദേഹവുമായാണ് റോഡിലൂടെ സൈറണ്‍ മുഴക്കി ആംബുലന്‍സുകൾ യാത്ര നടത്തിയത്.
 | 
ambulance
അത്യാവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കുമ്പോൾ, രോഗികള്‍ ഉള്ളപ്പോഴോ മാത്രമേ ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കാന്‍ പാടുള്ളു എന്നാണ് നിയമം

കൊല്ലം:    വിലാപയാത്രയ്ക്ക് കൂട്ടത്തോടെ 25 ആംബുലൻസുകൾ ഒരുമിച്ച്‌ സൈറൺ മുഴക്കി യാത്ര. വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലൻസ് ഡ്രൈവറുടെ മൃതദേഹവുമായാണ് റോഡിലൂടെ സൈറൺ മുഴക്കി ആംബുലൻസുകൾ യാത്ര നടത്തിയത്. നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

കൊട്ടാരക്കര സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ ഉണ്ണിക്കുട്ടൻ ഉൾപ്പെടെ നാല് പേർ ഇന്നലെ കരീലക്കുളങ്ങരയിൽ നടന്ന അപകടത്തിൽ മരിച്ചിരുന്നു. ഉണ്ണിക്കുട്ടന്റെ മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടു വരുമ്പോൾ കൂട്ടത്തോടെ സൈറൺ മുഴക്കി ആംബുലൻസുകൾ സഞ്ചരിച്ചത്.

അത്യാവശ്യഘട്ടങ്ങളിൽ സഞ്ചരിക്കുമ്പോൾ, രോഗികൾ ഉള്ളപ്പോഴോ മാത്രമേ ആംബുലൻസുകൾ സൈറൺ മുഴക്കാൻ പാടുള്ളു എന്നാണ് നിയമം. അതേസമയം കോവിഡ് പ്രോട്ടോക്കോളും പാലിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ 13 ആംബുലൻസ് ഡ്രൈവർമാർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനാണ് കേസ്. ആംബുലൻസുകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കി.