കള്ളപ്പണ കേസ്; കെ.സുരേന്ദ്രനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും

പരാതിക്കാരനായ ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
 | 
K SURENDRAN

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 10.30 സുരേന്ദ്രന്‍ തൃശൂരിലെ പൊലീസ് ക്ലബ്ബില്‍ ഹാജരാകും.

പരാതിക്കാരനായ ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കവര്‍ച്ച നടന്ന ദിവസം പുലര്‍ച്ചെ സുരേന്ദ്രന്റെ മകനുമായും ധര്‍മരാജന്‍ ബന്ധപ്പെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോന്നിയില്‍ വച്ച്‌ സുരേന്ദ്രനും ധര്‍മരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു.

ജൂലൈ ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു സുരേന്ദ്രന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗങ്ങളുള്ളതിനാല്‍ സുരേന്ദ്രന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.