ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മുഖ്യമന്ത്രി വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു

സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 80:20 അനുപാതം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു
 | 
pinarayi vijayan vaachaalam
തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 3. 30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.

സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 80:20 അനുപാതം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനം മുസ്ലിങ്ങള്‍ക്കും ബാക്കി 20 ശതമാനം ക്രൈസ്തവര്‍ അടക്കമുള്ള മറ്റ് ന്യൂനപക്ഷങ്ങള്‍ക്കെല്ലാം നല്‍കിക്കൊണ്ടുള്ള ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.