ഏറ്റവുമധികം പരിശോധനകള്‍ മെയ് അഞ്ചിന് ;സംസ്ഥാനത്തെ കൊവിഡ് പരിശോധന 2 കോടി കഴിഞ്ഞു

കോവിഡ് കാലത്ത് വലിയ സേവനം നടത്തിയവരാണ് ലാബ് ജീവനക്കാരെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്
 | 
covid19

സംസ്ഥാനത്തെ കോവിഡ് 19 സാമ്പിള്‍ പരിശോധനകളുടെ എണ്ണം രണ്ട് കോടി (2,00,55,047) കഴിഞ്ഞു. ആര്‍.ടി.പി.സി.ആര്‍. 69,28,572, ആന്റിജന്‍ 1,23,81,380, വിമാനത്താവള നിരീക്ഷണ സാമ്പിള്‍ 77321, സിബി നാറ്റ് 71,774, ട്രൂനാറ്റ് 5,75,035, പി.ഒ.സി.ടി. പി.സി.ആര്‍. 9691, ആര്‍.ടി. ലാമ്പ് 11,274 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 2020 ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്.

സംസ്ഥാനത്തെ 2667 പരിശോധനാ കേന്ദ്രങ്ങളിലാണ് കോവിഡ് പരിശോധനകള്‍ നടത്തുന്നത്. 1633 സര്‍ക്കാര്‍ ലാബുകളിലും 1034 സ്വകാര്യ ലാബുകളിലുമാണ് കോവിഡ് പരിശോധനാ സൗകര്യമുള്ളത്. 89 ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍, 30 ലാബുകളില്‍ സിബി നാറ്റ്, 83 ലാബുകളില്‍ ട്രൂനാറ്റ്, 2465 ലാബുകളില്‍ ആന്റിജന്‍ എന്നിങ്ങനെ പരിശോധനകളാണ് നടത്തുന്നത്. 10 മൊബൈല്‍ ലാബുകള്‍ മുഖേനയും കോവിഡ് പരിശോധന നടത്തുന്നുണ്ട്. ഇതുകൂടാതെ 4 മൊബൈല്‍ ലാബുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകുന്നതാണ്.