കേരളത്തിൽ വ്യാപിക്കുന്നത്  വൈറസിന്റെ പല വകഭേദങ്ങൾ ; രോഗവ്യാപനം തടയാൻ 
നിയന്ത്രണങ്ങൾ  മാത്രം രക്ഷ 
 

കേരളത്തില്‍ പ്രാബല്യമായിട്ടുള്ളത് ഡെല്‍ട്ട വകഭേദം ആണെങ്കിലും ആല്‍ഫ, ബീറ്റ, ഗാമ, കപ്പ എന്നീ വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 | 
corona vaachaalam 1

ന്യൂഡല്‍ഹി : കേരളത്തില്‍ കൊറോണ വ്യാപനം കുറയാത്തതിന് കാരണം വൈറസിന്റെ വിവിധ വകഭേദങ്ങളുടെ സാന്നിധ്യം എന്ന് കണ്ടെത്തല്‍. പരിശോധനാ ലബോറട്ടറികളുടെ കൂട്ടായ്മയായ ഇന്‍സാഗോയാണ് ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ രോഗവ്യാപനം തടയാനാകൂ എന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കൂടുതലാണ്. കേരളത്തില്‍ പ്രാബല്യമായിട്ടുള്ളത് ഡെല്‍ട്ട വകഭേദം ആണെങ്കിലും ആല്‍ഫ, ബീറ്റ, ഗാമ, കപ്പ എന്നീ വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നിലധികം വൈറസുകളുടെ സങ്കലനമാണ് കേരളത്തില്‍ കാണുന്നതെന്നും വിദ്ഗധര്‍ പറയുന്നു. വിവിധ മേഖലകളില്‍ നിന്നും ശേഖരിച്ച സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

ആല്‍ഫ, കപ്പ എന്നീ വകഭേദങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കേരളത്തിലുണ്ട്. മൂന്നാഴ്ച മുന്‍പ് 2,390 സാംപിളുകള്‍ പരിശോധിച്ചതില്‍ 1,482 എണ്ണം ഡെല്‍റ്റ വകഭേദമായിരുന്നു. 642 ആല്‍ഫ, 197 കപ്പ, 65 ബീറ്റ എന്നീ വകഭേദങ്ങളും കണ്ടെത്തി.

പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്ന മഹാരാഷ്ട്ര, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും ഡെല്‍റ്റ വകഭേദം തന്നെയാണ് കൂടുതലുള്ളത്.