ഇന്നും നാളെയും ലോക്ക്ഡൗണിന് സമാനം പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം, കര്‍ശന പരിശോധന 

കെഎസ്ആര്‍ടിസി, ട്രെയിന്‍, വിമാന സര്‍വീസുകള്‍ക്കു തടസ്സമില്ല.
 | 
ഇന്നും നാളെയും ലോക്ക്ഡൗണിന് സമാനം പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം, കര്‍ശന പരിശോധന

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവയൊഴികെ മറ്റെല്ലാ കടകളും അടഞ്ഞ് കിടക്കുകയാണ്. നിരത്തില്‍ വാഹനങ്ങള്‍ വിരലിലെണ്ണാന്‍ മാത്രം. പൊലീസിന്റെ പരിശോധന സംസ്ഥാനത്തൊട്ടാകെ കര്‍ശനമാക്കിയിട്ടുണ്ട്. അത്യാവശ്യത്തിനല്ലാതെ ജനം പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറങ്ങേണ്ടിവന്നാല്‍ ആവശ്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം കൈയില്‍ കരുതണം.

രണ്ടുദിവസത്തെ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച സര്‍വകക്ഷിയോഗം ചേര്‍ന്ന് അടുത്ത ദിവസങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികള്‍ തീരുമാനിക്കും. കോവിഡ് വാക്സിനെടുക്കാന്‍ അനുവദിക്കപ്പെട്ട തീയതിയാണെങ്കില്‍ യാത്രചെയ്യാം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ തല്‍ക്ഷണം കര്‍ശന നിയമനടപടിയെടുക്കും. പരിശോധനയുടെ ഭാഗമായി ഓരോ ജില്ലയിലും പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. കോവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും.


ആശുപത്രികള്‍, മാധ്യമ, ടെലികോം, ഐടി സ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയ്ക്കു പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഇന്ന് അവധിയാണ്. നേരത്തേ തീരുമാനിച്ച വിവാഹങ്ങള്‍ നടത്താം. ഹാളില്‍ പരമാവധി 75 പേര്‍. തുറസ്സായ സ്ഥലങ്ങളില്‍ 150 പേര്‍. 'കോവിഡ് ജാഗ്രത' പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം. മരണാനന്തര ചടങ്ങുകള്‍ക്കു പരമാവധി 50 പേര്‍.

ദീര്‍ഘദൂര യാത്ര ഒഴിവാക്കണം. വിവാഹം, മരണം മുതലായ ചടങ്ങുകള്‍ക്കും ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ കാണാനും മരുന്ന്, ഭക്ഷണം എന്നിവ വാങ്ങാനും യാത്രയാകാം. സ്വന്തമായി തയാറാക്കിയ സത്യപ്രസ്താവന കയ്യില്‍ കരുതണം. ഇതിനു പ്രത്യേക മാതൃക ഇല്ല. കെഎസ്ആര്‍ടിസി, ട്രെയിന്‍, വിമാന സര്‍വീസുകള്‍ക്കു തടസ്സമില്ല. പൊലീസ് പരിശോധനാ സമയത്ത് യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ടിക്കറ്റ് / ബോര്‍ഡിങ് പാസ് എന്നിവ കാട്ടണം. ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താമെങ്കിലും നിയന്ത്രണങ്ങളുണ്ടാകും.

ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല, പാഴ്‌സല്‍ മാത്രം. ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാം. ഇതിനായി സത്യപ്രസ്താവന കയ്യില്‍ കരുതണം. ഇന്നത്തെ പരീക്ഷ നടക്കും. ബന്ധപ്പെട്ട അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാം. പരീക്ഷാകേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന രക്ഷിതാക്കള്‍ കൂട്ടം കൂടി നില്‍ക്കാതെ ഉടന്‍ മടങ്ങണം. പരീക്ഷ തീരുമ്പോഴേക്കും തിരിച്ചെത്തിയാല്‍ മതി. പരീക്ഷാകേന്ദ്രത്തിനു മുന്നില്‍ അകലം പാലിക്കണം. യാത്രാ സൗകര്യങ്ങള്‍ക്കായി ആവശ്യമായ ഇടപെടല്‍ നടത്താന്‍ കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

, ഫാര്‍മസ്യൂട്ടിക്കല്‍, ശുചീകരണ ഉല്‍പന്നങ്ങള്‍, ഓക്‌സിജന്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ ടെക്‌സ്‌റ്റൈല്‍സ്, ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തിക്കാം. ഭക്ഷ്യോല്‍പാദന, സംസ്‌കരണ മേഖലയിലെ വ്യവസായങ്ങള്‍, കോഴിത്തീറ്റ, വളര്‍ത്തു മൃഗങ്ങളുടെ തീറ്റ എന്നിവ ഉല്‍പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അനുമതിയുണ്ട്.

കാര്‍ഷികോല്‍പന്നങ്ങള്‍, വളം, കാര്‍ഷിക ഉപകരണങ്ങള്‍, അനുബന്ധ സാധനങ്ങള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍, എല്ലാവിധ കയറ്റുമതി യൂണിറ്റുകള്‍, പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ സാമഗ്രികള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍, കാര്‍ഷിക, പ്രതിരോധ, ആരോഗ്യ മേഖലയ്ക്കാവശ്യമായ ഓട്ടമൊബീല്‍, അനുബന്ധ ഘടകങ്ങള്‍ ഉല്‍പാദിപ്പിക്കുന്നയിടങ്ങള്‍, ഇത്തരം മേഖലകള്‍ക്കായി പാക്കജിങ് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവയ്ക്കും ഇളവ് ബാധകമാണ്.