കസേരയിൽ ആരെത്തും ? കെ സുധാകരനോ അതോ  കൊടിക്കുന്നിൽ സുരേഷോ ? കോൺഗ്രസിൽ പുകയുന്നു 

നിലവിലെ   നേതാക്കളിൽ കെ സുധാകരനാണ് മുൻ‌തൂക്കമുളളത്.
 | 
sudhakaran
.സുധാകരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്ത് വന്നതോടെയാണ് ദളിത് പ്രാധിനിത്യമെന്ന പേരില്‍ കൊടിക്കുന്നിലിന്റെ പേരും പരിഗണിയ്ക്കപ്പെടുന്നത്.

തിരുവനന്തപുരം: സ്വമേധയാ കെപിസിസി പ്രസിഡൻ്റ് സ്ഥാനം മുല്ലപ്പള്ളി രാമചന്ദ്രൻ  ഒഴിഞ്ഞ സാഹചര്യത്തിൽ പുതിയ പ്രസിഡൻ്റ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന. എന്നാൽ ആര്   പുതിയ പ്രസിഡൻ്റ് സ്ഥാനത്തേക്ക്  വരണം എന്നുള്ളതിനെ പറ്റി ഹൈക്കമാൻഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകൾ ഒന്നും നടത്തിയിട്ടില്ല. 


നിലവിലെ   നേതാക്കളിൽ കെ സുധാകരനാണ് മുൻ‌തൂക്കമുളളത്.പ്രവർത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ആരാകണം കെപിസിസി പ്രസിഡന്റ് എന്നതിൽ ഹൈക്കമാൻഡിനു മുന്നിൽ കൂടുതൽ പേർ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു. എന്നാൽ ഒരു വിഭാഗം സുധാകരനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചത്.

സുധാകരനെ എതിർക്കുന്ന ഇമെയിലുകളിൽ അടൂർ പ്രകാശിൻറെയും കെ ബാബുവിൻറെയും പേരുകളാണ് നിർദ്ദേശിക്കുന്നത്. എന്നാൽ കോൺഗ്രസുകാർക്കിടയിൽ തീരെ അഭിപ്രായമില്ലാത്ത കെപിസിസി ആക്ടിംഗ് പ്രസിഡൻ്റായ കൊടിക്കുന്നിൽ സുരേഷിനെ കെട്ടി ഇറക്കാൻ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്.സുധാകരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്ത് വന്നതോടെയാണ് ദളിത് പ്രാധിനിത്യമെന്ന പേരില്‍ കൊടിക്കുന്നിലിന്റെ പേരും പരിഗണിയ്ക്കപ്പെടുന്നത്.

ഇതിനിടെ മുല്ലപ്പള്ളി ഒഴിവായ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതു വരെ ഒരു താല്‍ക്കാലിക പ്രസിഡന്റിനെ വയ്ക്കാമെന്ന ഗ്രൂപ്പ് നേതാക്കളുടെ നിര്‍ദേശം സോണിയ തുടക്കത്തിലേ തള്ളി. ചുരുങ്ങിയ ദിവസത്തേക്ക് മാത്രം അധ്യക്ഷ ചുമതല മറ്റാര്‍ക്കും നല്‍കേണ്ടെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനം