വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ് വാക്‌സീന്‍ ഡോസുകളിലെ ഇടവേള കുറച്ചു; 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കാം

പഠനം, ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും അത്‌ലീറ്റുകള്‍ക്കുമാണ് ഇളവ്
 | 
flight

ന്യൂഡല്‍ഹി: വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ് വാക്‌സീന്‍ രണ്ടു ഡോസുകള്‍ സ്വീകരിക്കുന്നതിലെ ഇടവേള കുറച്ചു. 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കി. ഓഗസ്റ്റ് 31 വരെ രാജ്യാന്തര യാത്ര നടത്തുന്നവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു.

പഠനം, ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും അത്‌ലീറ്റുകള്‍ക്കുമാണ് ഇളവ്. വിദ്യാഭ്യാസം, ജോലി അല്ലെങ്കില്‍ ഒളിംപിക്‌സിനായുള്ള ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകുന്ന ആളുകള്‍ എന്നിവര്‍ക്ക് അവരുടെ പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്ത കോവിന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രണ്ടു ഡോസ് സ്വീകരിച്ചവര്‍ വിമാനയാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തിലാണ് ഈ പരിഗണന ഉണ്ടാവുകയെന്നു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.