നിയന്ത്രണങ്ങളിൽ വിട്ടു വീഴ്ച ഇല്ല  ;  അടുത്ത 15 ദിവസത്തേക്ക് കര്‍ണാടകയിലേക്ക് വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കും

റെയില്‍വേ വകുപ്പുമായി സഹകരിച്ച്‌ മംഗളൂരു സെന്‍ട്രല്‍, ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ചെക്കിംഗ് പോയിന്‍റ് സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്.
 | 
kerala -karnataka border

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. പരിശോധനക്കായി തലപ്പാടിക്ക് പുറമെ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കാനാണ് കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനം. മംഗളൂരുവിലേക്ക് ദിവസവും യാത്രചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണമെന്നും നിര്‍ദേശമുണ്ട്.

കര്‍ണാടകയിലെ കൊണാജെ, ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അഞ്ച് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചത്. തൗഡുഗോളി, നെറ്റിലപദവ്, നര്യക്രോസ്, നന്ദര്‍ പട്പു, മുടുഗര കട്ട എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചത്. ചെക്ക് പോസ്റ്റുകളില്‍ പൊലീസിന് പുറമെ മെഡിക്കല്‍ ടീമിനെയും നിയോഗിക്കും. കൂടാതെ റെയില്‍വേ വകുപ്പുമായി സഹകരിച്ച്‌ മംഗളൂരു സെന്‍ട്രല്‍, ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ചെക്കിംഗ് പോയിന്‍റ് സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. കേരളത്തില്‍ നിന്ന് അടുത്ത 15 ദിവസത്തേക്ക് കര്‍ണാടകയിലേക്ക് വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കും. ഇതിന്‍്റെ ഭാഗമായി പൊലീസ് പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തും.

കേരളത്തില്‍ നിന്ന് മംഗളൂരുവിലേക്ക് ദിവസവും യാത്ര ചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മറ്റ് യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാകണം. എന്നാല്‍ മംഗളൂരു-കേരള അതിര്‍ത്തിയില്‍ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇവരോടൊപ്പമുള്ള രക്ഷിതാക്കള്‍ക്കും പരിശോധനയില്‍ ഇളവ് നല്‍കിയിട്ടുണ്ട്.