സികെ ജാനുവിന്  എന്‍ഡിഎയില്‍ മടങ്ങിയെത്താൻ കെ സുരേന്ദ്രന്‍  പത്തുലക്ഷം രൂപ കൈമാറി ; ശബ്ദരേഖ പുറത്ത് 

കെപിജെഎസ് ട്രഷറര്‍ പ്രസീതയുമായി കെ സുരേന്ദ്രന്‍ നടത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്
 | 
k surendran
പണം കൈപ്പറ്റിയെന്ന ആരോപണം സികെ ജാനു നിഷേധിച്ചു

കല്‍പ്പറ്റ: എന്‍ഡിഎയില്‍ മടങ്ങിയെത്തുന്നതിന് കെ സുരേന്ദ്രന്‍ സികെ ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന ശബ്ദരേഖ പുറത്ത്. കെപിജെഎസ് ട്രഷറര്‍ പ്രസീതയുമായി കെ സുരേന്ദ്രന്‍ നടത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.പണം കൈമാറിയത് തിരുവനന്തപുരത്തുവച്ചാണെന്ന് പ്രസീത പറയുന്നതായി ശബ്ദരേഖയില്‍ വ്യക്തമാണ്‌.

സികെ ജാനു എന്‍ഡിഎയില്‍ തിരികെ എത്താന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പ്രസീത സുരേന്ദ്രനോട് ഫോണില്‍ പറയുന്നത്. നേരത്തെ സിപിഎമ്മില്‍ പ്രവര്‍ത്തിച്ച സമയത്ത് ആരോടോ കാശ് വാങ്ങിയിട്ടുണ്ട്. അത് തിരികെ നല്‍കിയ ശേഷമെ എന്‍ഡിഎയിലേക്ക് തിരിച്ചുവരാന്‍ കഴിയും. 10 ലക്ഷം രൂപ കൈയില്‍ കിട്ടിയാല്‍ ബത്തേരിയില്‍ മത്സരിക്കാമെന്നും 7ാം തീയതിയിലെ അമിത് ഷായുടെ റാലിയില്‍ പങ്കെടുക്കാമെന്ന് സികെ ജാനു അറിയിച്ചതായും പ്രസീത സുരേന്ദ്രനോട് പറയുന്നു. എന്നാല്‍ ആറാം തീയതി തിരുവനന്തപുരത്ത് എത്തിയാല്‍ പണം തരാമെന്ന് സുരേന്ദ്രന്‍ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്.

അതേസമയം പണം കൈപ്പറ്റിയെന്ന ആരോപണം സികെ ജാനു നിഷേധിച്ചു.പുറത്തുവന്ന ശബ്ദരേഖയെ കുറിച്ച്‌ അറിയില്ലെന്നും പാര്‍ട്ടിയുടെ കാര്യങ്ങള്‍ പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സികെ ജാനു പ്രതികരിച്ചു