കെ പി സി സിയുടെ അമരക്കാരനായി കെ സുധാകരൻ 

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവച്ച ഒഴിവിലാണ് സുധാകരനെത്തുന്നത്
 | 
k sudhakaran

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും പരിസമാപ്തി. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അല്‍പ്പം മുമ്പ് സുധാകരനെ നേരിട്ട് വിളിച്ച് ഇക്കാര്യമറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവച്ച ഒഴിവിലാണ് സുധാകരനെത്തുന്നത്.

ദളിത് പ്രാധിനിത്യത്തിന്റെ പേരില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പേരും ഉയര്‍ന്നു വന്നിരുന്നെങ്കിലും കേരളത്തില്‍ പാര്‍ട്ടി നേരിടുന്ന വന്‍ പ്രതിസന്ധിയില്‍ നിന്ന് കര കയറണമെങ്കില്‍ പ്രാധിനിത്യമല്ല, കരുത്തുറ്റ നേതൃത്വമാണ് വേണ്ടതെന്ന ഹൈക്കമാന്‍ഡിന്റെ തിരിച്ചറിവാണ് സുധാകരന് തുണയായത്. മാത്രമല്ല, എഐസിസി പ്രതിനിധികള്‍ രഹസ്യമായും പരസ്യമായും നടത്തിയ വിവിധ സര്‍വേകളിലും കെ.സുധാകരന്‍ ബഹുദൂരം മുന്നിലായിരുന്നു.

എംഎല്‍എമാരുടെയും എംപിമാരുടെയും അഭിപ്രായം തേടിയ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ വികാരം കൂടി ഉള്‍ക്കൊണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടു കൂടി ലഭിച്ചതോടെ സുധാകരന്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ പ്രഖ്യാപിച്ചതു മുതല്‍ ദേശീയ നേതൃത്വവുമായി അല്‍പ്പം ഇടഞ്ഞു നില്‍ക്കുന്ന രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അധ്യക്ഷ സ്ഥാനത്തേക്ക് ആരുടേയും പേര് നിര്‍ദേശിച്ചിരുന്നില്ല. ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്ന വ്യക്തിയെ അംഗീകരിക്കും എന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനും ഇതേ നിലപാടില്‍ തന്നെയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ എടക്കാട് താലൂക്കില്‍ നടാല്‍ കുമ്പക്കുടി രാമുണ്ണിയുടേയും മാധവിയുടേയും മകനായി 1948 മെയ് 11 നാണ് സുധാകരന്റെ ജനനം. തലശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും പിന്നീട് നിയമ ബിരുദവും നേടി.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വിന്റെ സജീവ പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സുധാകരന്‍ 1967 മുതല്‍ 1970 വരെ കെ.എസ്.യു തലശേരി താലൂക്ക് കമ്മറ്റി പ്രസിഡന്റായിരുന്നു. 1971-1972 ല്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1973-1975 ല്‍ നാഷണല്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് 1976-1977 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1969 ല്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ സംഘടന കോണ്‍ഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു. 1978 ല്‍ സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1978 മുതല്‍ 1981 വരെ ജനതാ പാര്‍ട്ടിയുടെ യൂത്ത് വിംഗായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1981-1984 കാലഘട്ടത്തില്‍ ജനതാ പാര്‍ട്ടി(ജി) വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1984 ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

1984 മുതല്‍ 1991 വരെ കെ.പി.സി.സി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറായിരുന്ന സുധാകരന്‍ 1991 മുതല്‍ 2001 വരെ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നു. 1991 മുതല്‍ 2001 വരെ യു.ഡി.എഫിന്റെ കണ്ണൂര്‍ ജില്ലാ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2018 മുതല്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റാണ്.

1980, 1982 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എടക്കാട് നിന്നും 1987 ല്‍ തലശേരിയില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1991 ല്‍ എടക്കാട് മണ്ഡലത്തില്‍ നിന്നും വീണ്ടും പരാജയം. സിപിഎമ്മിലെ ഒ.ഭരതനോടാണ് തോറ്റത്. നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഭരതന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി 1992 ല്‍ സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയ ഒ.ഭരതനെ 1996 ല്‍ സുപ്രീം കോടതി വിജയിയായി പ്രഖ്യാപിച്ചു.

1996 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമതനായി ഇടതു മുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എന്‍. രാമകൃഷ്ണനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് സുധാകരന്‍ ആദ്യമായി നിയമ സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ല്‍ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും 2006 ല്‍ സി.പി.എം നേതാവായ കെ.പി സഹദേവനെയും തോല്‍പ്പിച്ച് കണ്ണൂരില്‍ ഹാട്രിക് വിജയം നേടി.

2001-2004 കാലഘട്ടത്തിലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ കെ.സുധാകരന്‍ വനം, സ്‌പോര്‍ട്‌സ്, യുവജനകാര്യം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. 2009 ല്‍ നടന്ന ലോക്‌സഭ തിരഞ്ഞടുപ്പില്‍ സിപിഎമ്മിലെ കെ.കെ രാഗേഷിനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ പി.കെ ശ്രീമതിയോട് തോറ്റു.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതു കോട്ടയായ ഉദുമയില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ കുഞ്ഞിരാമനോട് തോറ്റു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എം.പിയും മുന്‍ എതിരാളിയുമായ പി.കെ ശ്രീമതിയെ ഒരു ലക്ഷത്തിനടുത്ത വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് സുധാകരന്‍ വീണ്ടും ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.