അധോലോക കുറ്റവാളി രവി പൂജാരിയുമായി അന്വേഷണസംഘം പുറപ്പെട്ടു; കനത്ത സുരക്ഷയില്‍ യാത്ര, രാത്രിയോടെ കൊച്ചിയിലെത്തും

നടി ലീന മരിയാ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ 2018 ഡിസംബര്‍ 15 ന് ഉച്ചയ്ക്കാണ് വെടിവെപ്പുണ്ടായത്. കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി.
 | 
ravi pujari

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവിപൂജാരിയെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും. ബുധനാഴ്ച വൈകിട്ടോടെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം പൂജാരിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൂജാരിയെ വന്‍ സുരക്ഷാ സന്നാഹത്തോടെ ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ചു.

ഈ മാസം 8 വരെ മാത്രമാണു പ്രതിയെ ക്രൈംബ്രാഞ്ചിനു കസ്റ്റഡിയില്‍ ലഭിച്ചത്. കേസുമായി ബന്ധപ്പെട്ടു രവി പൂജാരി വാര്‍ത്താചാനലുകളിലേക്കും കേസിലെ പരാതിക്കാരിയായ ബ്യൂട്ടി പാര്‍ലര്‍ ഉടമ നടി ലീനാ മരിയാ പോളിനെ നേരിട്ടും ഫോണില്‍ വിളിച്ചതിന്റെ തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഇതിനായി രവി പൂജാരിയുടെ ശബ്ദ സാംപിളുകള്‍ അന്വേഷണ സംഘം ശേഖരിക്കും.

ബെംഗളൂരു പരപ്പന ജയിലില്‍ കഴിയുന്ന പൂജാരിയുടെ അറസ്റ്റ്, കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലെത്തി രേഖപ്പെടുത്തുകയായിരുന്നു. നടി ലീന മരിയാ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ 2018 ഡിസംബര്‍ 15 ന് ഉച്ചയ്ക്കാണ് വെടിവെപ്പുണ്ടായത്. കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി.

നേരത്തെ മാര്‍ച്ചില്‍ രവി പൂജാരിയെ കൊച്ചിയിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ശ്രമിച്ചിരുന്നു. എന്നാല്‍ മുംബൈ പോലീസ് പൂജാരിയെ നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയതോടെ അത് നടന്നില്ല. മുംബൈ പോലീസ് പൂജാരിയെ മെയ് അവസാനവാരത്തോടെ ബെംഗളൂരുവില്‍ തിരികെ എത്തിച്ചതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നല്‍കിയത്.