കേരളത്തിലെ ടെസ്റ്റ് രീതി മാറ്റണം ഐഎംഎ

ഒരാള്‍ക്കു കോവിഡ്-19 വന്നാല്‍ കുടുംബത്തിലെ എല്ലാവര്‍ക്കും പകരുന്ന സ്ഥിതിയാണ്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറും കമ്യൂണിറ്റി ലിവിങ് സെന്റെറും വ്യാപിപ്പിച്ച്‌, പോസിറ്റീവായവരെ മാറ്റിപ്പാര്‍പ്പിച്ചാലേ ഇതു തടയാനാകൂ.
 | 
COVID TEST

തിരുവനന്തപുരം:കേരളത്തിലെ കോവിഡ്-19 ടെസ്റ്റ് രീതി മാറ്റണമെന്നും സമ്പര്‍ക്കപ്പട്ടികയുടെ അടിസ്ഥാനത്തില്‍ കോവിഡ്-19 ടെസ്റ്റ് നടത്തണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആവശ്യപ്പെട്ടു. വീടുകളില്‍ ഐസലേഷന്‍ (മുറിയില്‍ ഒറ്റയ്ക്കു താമസിപ്പിക്കല്‍) ഫലപ്രദമല്ല. ഒരാള്‍ക്കു കോവിഡ്-19 വന്നാല്‍ കുടുംബത്തിലെ എല്ലാവര്‍ക്കും പകരുന്ന സ്ഥിതിയാണ്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറും കമ്യൂണിറ്റി ലിവിങ് സെന്റെറും വ്യാപിപ്പിച്ച്‌, പോസിറ്റീവായവരെ മാറ്റിപ്പാര്‍പ്പിച്ചാലേ ഇതു തടയാനാകൂ.

എല്ലാവര്‍ക്കും വാക്സീന്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 70% ജനങ്ങളും ആശ്രയിക്കുന്ന സ്വകാര്യ മേഖലയെ സര്‍ക്കാര്‍ നിരാകരിച്ചു.വാക്‌സീന്‍ സര്‍വീസ് ചാര്‍ജ് പോലും ഈടാക്കാതെ സൗജന്യമായി സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യാം എന്നു വാഗ്ദാനം ചെയ്തിട്ടും പരിഗണിക്കാത്ത നിലപാട് പ്രതിഷേധാര്‍ഹമാണ്.

ദിനംപ്രതി നാലര ലക്ഷം ഡോസ് എങ്കിലും കൊടുത്താലേ അടുത്ത 4-5 മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തു വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാകൂ. കോവിഡ്-19 ബാധിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍ സിറോ സര്‍വേ ഉടന്‍ നടത്തണമെന്നും ഐഎംഎ പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസ്, സെക്രട്ടറി ഡോ. പി. ഗോപികുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.