കോവിഡ് പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം

ആര്‍ടിപിസിആര്‍ പരിശോധനയെ അവശ്യസേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്
 | 
കോവിഡ് പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം

കൊച്ചി: കോവിഡ് രോഗം തിരിച്ചറിയുന്നതിനുള്ള ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി.

പരിശോധനയ്ക്ക് എത്ര രൂപ ഈടാക്കണമെന്ന കാര്യത്തില്‍ ചെലവ് ഉള്‍പ്പെടെ വിലയിരുത്തി സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണെന്നും കോടതി അറിയിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയെ അവശ്യസേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനു തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.

പരിശോധനാ നിരക്ക് 1700 രൂപയില്‍നിന്ന് 500 രൂപയായി വെട്ടിക്കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. വിപണി നിരക്കനുസരിച്ച് ടെസ്റ്റിനു വേണ്ട സംവിധാനങ്ങള്‍ക്ക് 240 രൂപ മാത്രമാണ് ചെലവ് എന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നിരക്ക് 500 രൂപയായി കുറച്ചതെന്ന് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.