കേരളത്തിൽ ഉഗ്ര ശേഷിയുള്ള  ജനിതകവ്യതിയാനം വന്ന വൈറസിനെ കണ്ടെത്തി :വ്യാപന ശേഷിയും, മരണനിരക്കും കൂടുതൽ

 | 
കേരളത്തിൽ ഉഗ്ര ശേഷിയുള്ള ജനിതകവ്യതിയാനം വന്ന വൈറസിനെ കണ്ടെത്തി :വ്യാപന ശേഷിയും, മരണനിരക്കും കൂടുതൽ
അതിവേഗം പടരുന്ന വൈറസിന്‍റെ ബ്രിട്ടീഷ് വകഭേദവും മാരകമായ സൗത്താഫ്രിക്കൻ വകഭേദവും കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്

സംസ്ഥാനത്ത് ജനിതകവ്യതിയാനം വന്ന വൈറസ് പല ഇടങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം മേഖലകൾ അടച്ചിടേണ്ടി വന്നു. ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. വാരാന്ത്യ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങളോട് ജനങ്ങൾ നന്നായി സഹകരിച്ചു. ഈ നിയന്ത്രണം തുടരും. അവശ്യസർവീസുകൾ മാത്രമേ അന്നുണ്ടാകൂ. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ ശനിയാഴ്ച അവധിയാകും. ഒന്നരവർഷമായി നമ്മൾ കൊവിഡിനൊപ്പം ജീവിക്കുന്നു. ഇത് തുടരേണ്ടി വരും. ഈ പ്രതിസന്ധിയെ യോജിച്ച് നേരിടണം. ആദ്യഘട്ടത്തിൽ സർക്കാരും പ്രതിപക്ഷപാർട്ടികളും ജനവും ഒന്നിച്ച് കൊവിഡിനെ നേരിട്ടതിനാൽ രോഗവ്യാപനവും മരണവും നമുക്ക് കുറയ്ക്കാനായി. പ്രാദേശിക തെരഞ്ഞെടുപ്പ് കാലത്ത് ടിപിആർ 11% ആയിരുന്നു.

അതിവേഗം പടരുന്ന വൈറസിന്‍റെ ബ്രിട്ടീഷ് വകഭേദവും മാരകമായ സൗത്താഫ്രിക്കൻ വകഭേദവും കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം കണ്ടെത്തിയത് വടക്കൻ ജില്ലകളിലാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കിയേ തീരൂ. നാം അതീവജാഗ്രത പുലർത്തണം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി. ഹോസ്റ്റലുകളിൽ കർശനനിയന്ത്രണമാണ്. കൊവിഡ് ചട്ടം പാലിക്കാത്ത മാർക്കറ്റുകളും മാളുകളും പൂർണമായും അടയ്ക്കും. കൊവിഡ് വ്യാപനത്തോത് അനുസരിച്ച് ഈ അടച്ചിടൽ കൂടുതൽ ദിവസത്തേക്ക് വേണമെങ്കിൽ അത് തുടരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.