ശുദ്ധജല നിരക്ക് 5% കൂട്ടി; പുതുക്കിയ ബില്‍ ഇന്നു മുതല്‍

1000 ലീറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപയില്‍ നിന്ന് 4. 20 രൂപയാക്കി വര്‍ദ്ധിപ്പിച്ചു
 | 
ശുദ്ധജല നിരക്ക് 5% കൂട്ടി; പുതുക്കിയ ബില്‍ ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ നിരക്ക് ഉള്‍പ്പെടുത്തിയ ശുദ്ധജല ബില്‍ ഇന്നു മുതല്‍ നല്‍കും. പുതിയ നിരക്കു പ്രകാരം ഗാര്‍ഹിക ഉപഭോക്താവിന് പ്രതിമാസം 1000 ലീറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപയില്‍ നിന്ന് 4. 20 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലെ ബില്ലാണ് ഇന്നുമുതല്‍ നല്‍കുക. ഇതില്‍ മാര്‍ച്ചിലെ ബില്ലില്‍ പഴയ നിരക്കും ഏപ്രിലിലെ ബില്ലില്‍ പുതുക്കിയ നിരക്കും രേഖപ്പെടുത്തും.

പ്രതിമാസം 10000 ലീറ്ററിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 8 സ്ലാബ് അടിസ്ഥാനമാക്കി ബില്ലില്‍ 5 % തുക കൂട്ടി. പ്രതിമാസം 15,000 ലീറ്റര്‍ വെള്ളം ഉപയോഗിക്കുമ്ബോള്‍ 65 രൂപയാണു നേരത്തേ നല്‍കേണ്ടിയിരുന്നത്. പുതുക്കിയ നിരക്ക് പ്രകാരം ഇത് 68.25 രൂപയാകും

ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യവസായ കണ‍ക്‌ഷനുകള്‍, ടാങ്കര്‍ ലോറികളിലെ വെള്ളം, പഞ്ചായത്തുകളുടെ പൊതു ടാപ്പ് കണ‍ക്‌ഷന്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിനും അടിസ്ഥാന നിരക്കിന്റെ 5 % വര്‍ധനയാണു വരുത്തി‍യിരിക്കുന്നത്. വര്‍ധന സംബന്ധിച്ച വിവരങ്ങള്‍ ജല അതോറിറ്റിയുടെ സോഫ്‍റ്റ്‌വെ‍യറില്‍ ഉള്‍പ്പെടുത്തി.