തെരഞ്ഞെടുപ്പ് ഫലം വരാൻ വൈകും ;ആദ്യ ഫല സൂചനകൾ രാവിലെ 10 മണിയോടെ  മാത്രം -ടിക്കാറാം മീണ

അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്

 | 
തെരഞ്ഞെടുപ്പ് ഫലം വരാൻ വൈകും ;ആദ്യ ഫല സൂചനകൾ രാവിലെ 10 മണിയോടെ മാത്രം -ടിക്കാറാം മീണ

ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വരാൻ വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. തപാൽ വോട്ടുകൾ കൂടുതലായതിനാൽ ഫലം അൽപ്പം വൈകും.ആദ്യ ഫലസൂചനകൾ പത്ത് മണിയോടെ മാത്രമേ ലഭിക്കൂ. ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകിയിട്ടുണ്ടെന്നും മീണ പറഞ്ഞു.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മാധ്യമങ്ങൾക്കടക്കം വേ​ഗത്തിൽ റിസൾട്ട് ലഭ്യമാക്കുന്ന ട്രെൻഡ് സോഫ്റ്റ് വെയർ ഇത്തവണ ഇല്ല, എങ്കിലും ഫലം കൃത്യമായെത്തും.വേ​ഗതയ്ക്കല്ല കൃത്യതയ്ക്കായിരിക്കും കൗണ്ടിം​ഗിൽ പ്രാധാന്യം നൽകുക. തപാൽ വോട്ടിൽ തർക്കങ്ങളൊന്നും ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. നാളെ രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങും. വൈകാതെ ആദ്യ ഫല സൂചനകള്‍ ലഭ്യമാവും. തപാല്‍ വോട്ടിലെ വര്‍ധനവ് ഫലം വൈകിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്. രാവിലെ 6 ന് ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ തുറക്കും.

നിരീക്ഷകരുടേയും ഏജന്റുമാരുടേയും സാന്നിധ്യത്തിലാകും ഇത്. 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റും. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം എണ്ണുക തപാല്‍ ബാലറ്റുകളാണ്. 8.30 ന് ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്.