ഒരു സമയം ഒരു പഠിതാവ് ; സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്ന് മുതല്‍ പ്രവർത്തനരംഭിക്കുന്നു

കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചുകൊണ്ട് വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്നുമാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം.
 | 
driving

കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൌണുകളും മറ്റും നിമിത്തം കഴിഞ്ഞ മൂന്നുമാസത്തിലധികമായി പൂട്ടിക്കിടക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്ന് മുതല്‍ വീണ്ടും ഓടിത്തുടങ്ങുന്നു.

ലോക്ക് ഡൌണിനെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിംഗ്​ ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കുന്ന തീരുമാനം ഗതാഗത മന്ത്രി ആൻറണി രാജുവാണ്​ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചത്​. കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചുകൊണ്ട് വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്നുമാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം.

ഡ്രൈവിംഗ് പരിശീലന വാഹനത്തിൽ ഇൻസ്ട്രക്​ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സ്ഥലങ്ങളിൽ ബന്ധപ്പെട്ട ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾക്കനുസരിച്ചായിരിക്കും ഡ്രൈവിങ്​ ടെസ്റ്റ് ആരംഭിക്കുക. ഓരോ സ്ഥലത്തും ഡ്രൈവിങ്​ ടെസ്റ്റ് ആരംഭിക്കുന്ന തീയതികൾ അതാത് ആർടിഒ സബ്​ ആർടിഒകളുമായി ബന്ധപ്പെട്ട് അറിയാവുന്നതാണ്.