കൂടുതൽ നിയന്ത്രണങ്ങൾ ഇന്നറിയാം: സർവകക്ഷി യോ​ഗം ഇന്ന് ചേരും 

ലോക്ക് ഡൗണിനോട് ഒരു പാര്‍ട്ടികളും യോജിക്കുന്നില്ല
 | 
കൂടുതൽ നിയന്ത്രണങ്ങൾ ഇന്നറിയാം: സർവകക്ഷി യോ​ഗം ഇന്ന് ചേരും

കൊവിഡ് വ്യാപനം തുടരുന്നതിനിടെ നിയന്ത്രണങ്ങൾ കര്‍ശനമാക്കാനും വാക്സിൻ പ്രതിസന്ധി ചര്‍ച്ച ചെയ്യാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സര്‍വകക്ഷി യോഗം ചേരും. വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തണോ, പൊതു ഇടങ്ങളിലെയും ആരാധനാലയങ്ങളിലേയും നിയന്ത്രണം കര്‍ശനമാക്കണോ തുടങ്ങിയ കാര്യങ്ങളും യോഗം പരിഗണിക്കും.

വാക്സിൻ വിലയ്ക്ക് വാങ്ങുന്നതിലും 18 വയസിനും 45 വയസിനും ഇടയിലുള്ളവരുടെ വാക്സിനേഷൻ സ്വകാര്യ മേഖല വഴി ആക്കാനുള്ള കേന്ദ്ര തീരുമാനത്തിലും എന്ത് നടപടി സ്വീകരിക്കണമെന്നത് ചര്‍ച്ച ചെയ്യാൻ ചീഫ് സെക്രട്ടറിതല ഉന്നതതലയോഗവും ഇന്ന് ചേരുന്നുണ്ട് .

ലോക്ക് ഡൗണിനോട് ഒരു പാര്‍ട്ടികളും യോജിക്കുന്നില്ല. ആരാധനാലയങ്ങൾ, ബീച്ചുകള്‍, പാര്‍ക്കുകൾ എന്നിവിടങ്ങളിലെ ജനക്കൂട്ടത്തെ കര്‍ക്കശമായി നിയന്ത്രിക്കാനുള്ള തീരുമാനം ഉണ്ടാകും. കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കാനും നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും. യോഗങ്ങളും വാര്‍ത്ത സമ്മേളനങ്ങളും ഓണ്‍ലൈനാക്കാനുള്ള തീരുമാനവും ഉണ്ടാകും. രോഗ വ്യാപന തീവ്രത കുറയ്ക്കാൻ സര്‍ക്കാര്‍ കൈക്കൊള്ളുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണയെന്നാണ് യുഡിഎഫ്, എന്‍ഡിഎ കക്ഷികളുടെ നിലപാട്.