ലോക്ഡൗൺ നിയന്ത്രണങ്ങളിൽ  ഇളവുകൾ ഇന്നു മുതൽ ; കടകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനാനുമതി;യാത്ര വിലക്ക് തുടരും 

 ടിപിആർ ഞായറാഴ്ച 16 ലും താഴെ എത്തിയതോടെ കൂടുതൽ ഇളവുകൾ വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
 | 
police

തിരുവനന്തപുരം:  സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നു മുതൽ ഇളവ്.മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗണും ഒഴിവാക്കിയിരിക്കുന്നതിനാൽ എല്ലാ ജില്ലകളിലും ഒരേ ലോക്ഡൗൺ ചട്ടങ്ങളായിരിക്കും ഇന്നുമുതൽ ഉണ്ടാകുക. യാത്രാവിലക്ക് തുടരും. ജൂൺ 9 വരെ ലോക്ക്ഡൗൺ നീട്ടിയെങ്കിലും ഇന്നു മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

  1. വിദ്യാർത്ഥികളുടെ പഠനോപകരണങ്ങൾ വിൽക്കുന്ന കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കുറഞ്ഞ ജീവനക്കാരെ വച്ച്‌ ഒൻപതു മുതൽ അഞ്ചു വരെ തുറന്നു പ്രവർത്തിക്കാം.
  2. വസ്ത്രാലയങ്ങൾ, ചെരുപ്പു വില്പനശാലകൾ, ആഭരണ ശാലകൾ എന്നിവക്കെല്ലാം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച്‌ ഒൻപതു മുതൽ അഞ്ച് മണി വരെ തുറന്നു പ്രവർത്തിക്കാം.
  3. എല്ലാ വ്യവസായസ്ഥാപനങ്ങളും അൻപത് ശതമാനം ജീവനക്കാരെ വെച്ച്‌ പ്രവർത്തിക്കാം.
  4. ബാങ്കുകൾ തിങ്കൾ മുതൽ വെള്ളി വരെ വൈകീട്ട് അഞ്ച് മണി വരെ പ്രവർത്തിക്കാം.
  5. കള്ള് ഷാപ്പുകളിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്‌ പാഴ്‌സൽ നൽകാം. പാഴ് വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ലോക്ക് ഡൗൺ കൊവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്നാണ് വിദഗ്ധസമിതി വിലയിരുത്തൽ. അത് കൊണ്ടാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ഈ ലോക്ക് ഡൗൺ സമയപരിധി തീരുന്നതിന് മുമ്ബ് തന്നെ കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ നിശ്ചിതദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകും. അന്തർജില്ലാ യാത്രകളുടെ കാര്യത്തിലാണ് പിന്നീട് തീരുമാനം വരാനുള്ളത്.

തിങ്കളാഴ്ച തുടങ്ങുന്ന പുതിയ ലോക്ക്ഡൗൺ ഘട്ടം ആഴ്ചയിലെ ശരാശരി ടിപിആർ പരിശോധിച്ചാകും തുടർ തീരുമാനം. 20 ന് മുകളിലേക്കെത്തിയ ടിപിആർ ഇപ്പോൾ ശരാശരി 16 ലെത്തി. ഞായറാഴ്ച 16 ലും താഴെ എത്തിയതോടെ കൂടുതൽ ഇളവുകൾ വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഘട്ടം ഘട്ടമായി അൺലോക്ക് എന്ന നയമാണ് പൊതുവെ സർക്കാർ അംഗീകരിക്കുന്നത്. എന്നാൽ ചില പഞ്ചായത്തുകളിൽ ഇപ്പോഴും 30 ശതമാനത്തിന് മേൽ ടിപിആർ തുടരുന്ന സാഹചര്യം വെല്ലുവിളിയായി തുടരുകയാണ്.