കോവിഡ് പ്രതിരോധത്തെ ചൊല്ലി  സഭയില്‍ ബഹളം;മരണ നിരക്ക് കുറച്ചു കാണിക്കുന്നുവെന്നത്  വാസ്തവ വിരുദ്ധമാണെന്ന് വീണ ജോര്‍ജ്   

കോവിഡ് പ്രതിരോധ ശ്രമങ്ങളെ ഇകഴ്ത്തി കാട്ടാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്നും ആരോഗ്യമന്ത്രി
 | 
Kerala niyamasabha
ആരോഗ്യ മന്ത്രി പരാമര്‍ശം പിനാവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കോവിഡ് സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളി. പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാട്ടുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഈ പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ചൊല്ലി വലിയ തര്‍ക്കമാണ് സഭയില്‍ ഉണ്ടായത്. പ്രതിപക്ഷത്തിനായി ഡോ എം കെ മുനീറാണ് മുന്നിട്ടിറങ്ങിയത്. രോഗാണുവിന്റെ ഏത് വകഭേദം കൊണ്ടാണ് മരണങ്ങള്‍ ഉണ്ടായതെന്ന് പഠനം നടത്തിയോ എന്ന് സംശയമാണെന്ന് പറഞ്ഞ മുനീര്‍ അമ്പതില്‍ വയസില്‍ താഴെയാണ് കൂടുതലും മരണമെന്നും ചൂണ്ടിക്കാട്ടി. മൂന്നാം തരംഗം കൂട്ടികളെ കൂടുതല്‍ ബാധിക്കുമെന്നാണ് പഠനങ്ങളെന്നും ഇതിനെ നേരിടാന്‍ ഇപ്പോഴെ തയ്യാറെടുക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ആളാണ് താനെന്നും രണ്ടാം ഡോസ് എവിടെ നിന്നാണ് എന്ന് പോലും അറിയില്ലെന്നും മുനീര്‍ പറഞ്ഞു. ജനസംഖ്യ അനുപാതത്തില്‍ അല്ല വാക്‌സിന്‍ വിതരണമെന്ന് ആരോപിച്ച മുനീര്‍ കേന്ദ്രത്തിനു എതിരായ ആരോഗ്യ മന്ത്രി കൊണ്ട് വരുന്ന പ്രമേയം നൂറു ശതമാനം സത്യസന്ധമാണെന്ന് പറഞ്ഞ് കൊണ്ട് പിന്തുണച്ചു.

മരണ നിരക്ക് കുറച്ചു കാണിക്കാന്‍ ശ്രമം ഉണ്ടെന്നും കണക്ക് കുറച്ച് കാണിച്ചല്ല കേരളം മുന്നില്‍ എന്ന് പറയണ്ടതെന്നും മുനീര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയ്ക്ക് വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ പരിഗണന കിട്ടുന്നുവെന്നും മുനീര്‍ ആരോപിച്ചു. വാക്‌സിന്‍ വിതരണം ശാസ്ത്രീയമായാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. രണ്ടാം തരംഗത്തിന് മുമ്പു തന്നെ മെഡിക്കല്‍ കപ്പാസിറ്റി കൂട്ടാന്‍ കേരളം ശ്രമിച്ചുവെന്നും കോവിഡ് പ്രതിരോധ ശ്രമങ്ങളെ ഇകഴ്ത്തി കാട്ടാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്നും ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞു.

പിന്നാലെ സഭയില്‍ ബഹളമുണ്ടായി. ആരോഗ്യ മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. കോവിഡ് വിഷയം ഒരു തരത്തിലും വിവാദം ആക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യ പ്രവര്‍ത്തകരെ ഇകഴ്തി കാട്ടുന്ന ഒരു വാക്കും മുനീര്‍ പറഞ്ഞില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. ആരോഗ്യ മന്ത്രി പരാമര്‍ശം പിനാവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.