'മനസിലാക്കി കളിച്ചാല്‍ മതി.. മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ നേരിടും' വ്യാപാരികള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

ഡി കാറ്റഗറിയില്‍ ഉള്ള പല സ്ഥലങ്ങളും നിയന്ത്രണങ്ങള്‍ നടപ്പാക്കിയപ്പോള്‍ സിയിലേക്ക് പോയി. എന്നാല്‍ സി, ബി കാറ്റഗറികളിലെ പല പ്രദേശങ്ങളും ഇളവുകള്‍ അലസതയോടെ ഉപയോഗിച്ചപ്പോള്‍ അവിടെ രോഗവ്യാപനം കൂടിയതായും മുഖ്യമന്ത്രി പറഞ്ഞു.
 | 
traders
ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ ഇളവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ കടകള്‍ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തിന് ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

'എനിക്കവരോട് ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നില്‍ക്കാനും പ്രയാസമില്ല. എന്നാല്‍ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാല്‍ മതി. അത്രയേ പറയാനുള്ളൂ' - ഇതായിരുന്നു ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി.

ഇതുവരെ രോഗം വരാത്തവരുടെ എണ്ണം കേരളത്തില്‍ വളരെ കൂടുതലാണ്. അതൊരു വെല്ലുവിളിയാണ്. ഇത്തരം ചില അഭിപ്രായം കേട്ട് നിലവിലുള്ള നിയന്ത്രണവും പരിശോധനാ രീതികളും മാറ്റാനാവില്ല. ഏതെങ്കിലും സ്ഥലം ഡി കാറ്റഗറിയായി വന്നെങ്കില്‍ അതിനര്‍ത്ഥം അവിടെ രൂക്ഷമായ രീതിയില്‍ കോവിഡ് വ്യാപനമുണ്ടെന്നും അവിടെ നിയന്ത്രണം അനിവാര്യമാണെന്നുമാണ്.