ബിജെപിയെ വരിഞ്ഞു മുറുക്കി കുഴൽപ്പണ വിവാദം ;കെ.സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കേന്ദ്ര നേതാക്കള്‍

ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തും
 | 
bjp
മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ സുരേന്ദ്രനെതിരായ അന്വേഷണം കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.
ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഇന്ന് ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയെ വരിഞ്ഞു മുറുക്കിയ കൊടകര കുഴപ്പണ വിവാദം, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഉയര്‍ന്ന പരാതികളുടെ പശ്ചാതലത്തിലാണ് സുരേന്ദ്രനെ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചത്.

വിവാദങ്ങളെ കുറിച്ച് സുരേന്ദ്രനില്‍ നിന്ന് വിശദീകരണം തേടും. കേരളത്തിലെ സംഭവങ്ങള്‍ ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം ഇടപെടുന്നത്. തിരഞ്ഞെടുപ്പിലെ പരാജയം, പണമിടപാട് വിഷയങ്ങളിലെ വിവാദങ്ങള്‍ എന്നിവയെ തുടര്‍ന്ന് സുരേന്ദ്രനെ നേതൃത്വം വിളിപ്പിച്ചതാണെന്ന് എതിര്‍പക്ഷവും മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചയാണെന്ന് ഔദ്യോഗികവിഭാഗവും പറയുന്നു.

വിവാദങ്ങളില്‍ കേന്ദ്രനേതൃത്വം വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ഇ.ശ്രീധരന്‍, സി.വി. ആനന്ദ ബോസ്, ജേക്കബ് തോമസ് തുടങ്ങിയവര്‍ നേതൃത്വത്തിന് റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ചാണ് റിപ്പോര്‍ട്ടുകളില്‍ പ്രധാനമായും പ്രതിപാദിക്കുന്നതെങ്കിലും പുതിയ വിവാദങ്ങള്‍ സംബന്ധിച്ച പ്രതികരണങ്ങളും കേന്ദ്രനേതൃത്വം ആരാഞ്ഞിട്ടുണ്ട്.

ഇതിനിടെ മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ സുരേന്ദ്രനെതിരായ അന്വേഷണം കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ബദിയടുക്ക പൊലീസാണ് സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കല്‍ നിയമപ്രകാരം കോടതി അനുമതിയോടെ 171 ബി വകുപ്പനുസരിച്ചാണ് കെ.സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.