ബജറ്റ് അവതരണം പുത്തരിക്കണ്ടം മൈതാനത്തെ രാഷ്ട്രീയ പ്രസംഗം പോലെ: വി.ഡി സതീശൻ 

ബജറ്റിൽ പറയേണ്ടത് നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിലും ആണ് പറഞ്ഞിരിക്കുന്നത്
 | 
v.d satheeshan

ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റ് പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രസംഗം പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബജറ്റിൽ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ലെന്നും, സാമ്പത്തിക കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

ബജറ്റിൽ പറയേണ്ടത് നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിലും ആണ് പറഞ്ഞിരിക്കുന്നത്. ഇപ്പോൾ നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രസംഗവും കൂടിയാണ്. പുത്തരിക്കണ്ടം മൈതാനിയിൽ പ്രസംഗിക്കേണ്ടത് ബജറ്റിലൂടെ അവതരിപ്പിച്ചു എന്നുള്ള ഒരു പ്രത്യേകത ഉണ്ട്. ശരിയായ രാഷ്ട്രീയ പ്രസംഗമാണ് ബജറ്റിന്റെ ആദ്യത്തെ ഭാഗം. ഭരണഘടനാ അനുസരിച്ച് വാർഷിക സാമ്പത്തിക പ്രസ്താവനയാണ് ബജറ്റ്. അതിന്റെ പവിത്രത തകർക്കുന്ന രീതിയിലുള്ള രാഷ്ട്രീയം കുത്തി നിറച്ചത് ശരിയായില്ല എന്ന അഭിപ്രായം പ്രതിപക്ഷത്തിന് ഉണ്ട്.”

പുതിയ സര്‍ക്കാരിന്റെ പോക്ക് ഒട്ടും സുഖകരമാകില്ലെന്നതിന്റെ ആദ്യ സൂചനയാണ് ബജറ്റെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ജനങ്ങള്‍ പ്രതീക്ഷിച്ചതിന്റെ നേരെ വിപരീതമായാണ് പ്രഖ്യാപനങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചുരുക്കത്തിൽ ബജറ്റ് കേട്ടാൽ സാമ്പത്തിക സ്ഥിതി വളരെ മോശമാണ് അതുകൊണ്ട് ഒന്നും കാര്യമായി ചെയ്യാൻ കഴിയില്ല എന്ന പ്രതീതിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.