ബിജെപിയെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ;മത്സരത്തിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ തന്നു; ജയിച്ചാൽ പുതിയ വീടും
 

മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ സുന്ദരയ്ക്ക് പിന്മാറാന്‍ ലക്ഷങ്ങൾ നൽകിയെന്ന് വെളിപ്പെടുത്തൽ
 | 
kuzhalpanam
ബിഎസ്പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ സുന്ദര പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു.

ബി.ജെ പി യെ വെട്ടിലാക്കി പുതിയ ആരോപണങ്ങൾ .മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ സുന്ദരയ്ക്ക് പിന്മാറാന്‍ ലക്ഷങ്ങൾ നൽകിയെന്ന് വെളിപ്പെടുത്തൽ. രണ്ട് ലക്ഷം രൂപയും സ്മാർട്ട്‌ഫോണും ബിജെപി നേതാക്കൾ സംഭാവന ചെയ്തു. 15 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് രണ്ട് ലക്ഷം രൂപ മാത്രമാണ്. വിജയിച്ചുകഴിഞ്ഞാൽ ബാക്കി നൽകാമെന്ന്  സുരേന്ദ്രൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സുന്ദര വെളിപ്പെടുത്തി.

പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടില്‍ പണം എത്തിച്ചത്. നേതാക്കൾ പണം വീട്ടിലെത്തി അമ്മയുടെ കൈയിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തു. കെ.സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.

ബിഎസ്പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ സുന്ദര പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു. പത്രിക പിന്‍വലിക്കുന്നതിന്റെ തലേദിവസം ഇയാളെ കാണാനില്ലെന്ന് ബിഎസ്പി ജില്ലാ നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം ബിജെപി മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പ്രത്യക്ഷപ്പെട്ട സുന്ദര  അവിടെ വെച്ച് മാധ്യമങ്ങളെ കണ്ട് താന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ചു.

2016-ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.