ആറന്മുള ഉത്രട്ടാതി വള്ളം കളി ആചാരമായി മാത്രം 
 

തിരുവോണ തോണിക്ക് അകമ്ബടി സേവിക്കുന്നതിനായി മൂന്ന് മേഖലയില്‍ നിന്ന് ഓരോ പള്ളിയോടങ്ങള്‍ എന്ന ക്രമത്തില്‍ മൂന്ന് പള്ളിയോടങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കും. ഓരോ പള്ളിയോടത്തിലും 40 പേര്‍ വീതം പങ്കെടുക്കും.
 | 
vallam kali

പത്തനംതിട്ട: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറന്മുള ഉത്രട്ടാതി വള്ളം കളി മത്സരമായി നടത്തേണ്ടതില്ലെന്ന് തീരുമാനം. അതേസമയം ഉത്രട്ടാതി വള്ളം കളിയുടെ ദിനമായ ഓഗസ്റ്റ് 25 ന് മൂന്ന് പള്ളിയോടങ്ങള്‍ പങ്കെടുത്തു കൊണ്ട് ജല ഘോഷയാത്രയായി നടത്താനും തീരുമാനമായി. തിരുവോണത്തോണി വരവ്, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ചും തീരുമാനം എടുത്തിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോ​ഗത്തിലാണ് തീരുമാനം.

ഓഗസ്റ്റ് 21ന് തിരുവോണ തോണി വരവേല്‍പ്പ് ആചാരപരമായി 40 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്നതിനാണ് യോഗത്തില്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം 20 പേര്‍ മാത്രമാണ് തോണിയില്‍ പ്രവേശിച്ചിരുന്നത്. നിശ്ചയിക്കപ്പെട്ട തീരുമാനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് പള്ളിയോട സേവാ സംഘത്തിന് പുറമേ ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പു വരുത്തണം.

തിരുവോണ തോണിക്ക് അകമ്ബടി സേവിക്കുന്നതിനായി മൂന്ന് മേഖലയില്‍ നിന്ന് ഓരോ പള്ളിയോടങ്ങള്‍ എന്ന ക്രമത്തില്‍ മൂന്ന് പള്ളിയോടങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കും. ഓരോ പള്ളിയോടത്തിലും 40 പേര്‍ വീതം പങ്കെടുക്കും.
പള്ളിയോടത്തിലും തിരുവോണത്തോണിയിലും പങ്കെടുക്കുന്നവര്‍ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും എടുത്തിരിക്കണം. ഇതിന് പുറമേ ആര്‍ടിപിസിആര്‍ പരിശോധനയയില്‍ നെഗറ്റീവാണെന്ന് ഉറപ്പാക്കണം. രണ്ട് വാക്സിന്‍ എടുത്തവര്‍ക്ക് ഇത് ബാധകമല്ല.

തിരുവോണത്തോണിയിലും പള്ളിയോടത്തിലും വരുന്നവരില്‍ ഒരു ഡോസ് വാക്സിന്‍ എങ്കിലും എടുത്തു എന്ന് ഉറപ്പാക്കാന്‍ പ്രത്യേക വാക്സിനേഷന്‍ ക്യാംപ് ആരോഗ്യ വകുപ്പ് നേതൃത്വത്തില്‍ നടത്തും. ഇതിനാവശ്യമായ ലിസ്റ്റ് പള്ളിയോട സേവാസംഘം നല്‍കും.