ഇനി തപാല്‍ വകുപ്പ് വഴി അസ്ഥിനിമജ്ജനവും ; 'ഓം ദിവ്യദര്‍ശന്‍' പദ്ധതിയിലൂടെ പുണ്യ  നദികളിൽ ഒഴുക്കാം

ഹരിദ്വാര്‍, പ്രയാഗ് രാജ്, വാരാണസി, ഗയ തുടങ്ങിയ ഇടങ്ങളിലാണ് അസ്ഥി ഒഴുക്കാന്‍ സംവിധാനമൊരുക്കുന്നത്
 | 
BONES

തിരുവനന്തപുരം: ഇനി തപാല്‍ വകുപ്പ് വഴി അസ്ഥിനിമജ്ജനവും. ഗംഗാജലം കുപ്പിയിലാക്കി വിതരണം ചെയ്യുന്ന പദ്ധതിക്കു പിന്നാലെ മരണാനന്തരകര്‍മമായ അസ്ഥിനിമജ്ജനത്തിനും പദ്ധതിയൊരുക്കിയിരിക്കുകയാണ് തപാല്‍ വകുപ്പ്.

'ഓം ദിവ്യദര്‍ശന്‍' എന്ന മത-സാമൂഹിക സംഘടനയുടെ പദ്ധതിയാണു തപാല്‍ വകുപ്പുവഴി നടപ്പാക്കുന്നത്. തപാല്‍വകുപ്പിനോടു 'ഓം ദിവ്യദര്‍ശന്‍' സഹായം ആവശ്യപ്പെടുകയായിരുന്നു. കോവിഡ് നിയന്ത്രണം യാത്രകള്‍ മുടക്കിയ സാഹചര്യത്തില്‍ മരണാനന്തരകര്‍മങ്ങള്‍ക്കു സഹായിക്കുകയാണു ലക്ഷ്യമെന്നു തപാല്‍വകുപ്പ്‌ പറയുന്നു. ഇതിനായുള്ള ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി.

ഹരിദ്വാര്‍, പ്രയാഗ് രാജ്, വാരാണസി, ഗയ തുടങ്ങിയ ഇടങ്ങളിലാണ് അസ്ഥി ഒഴുക്കാന്‍ സംവിധാനമൊരുക്കുന്നത്. ഒഡിഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പദ്ധതിയുടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് അവര്‍ ഗംഗാജലം സൗജന്യമായി അയക്കുകയും ചെയ്യും. ബുക്കിങ്ങിനു സൗകര്യമുള്ള തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ നിന്നു സ്‌പീഡ് പോസ്റ്റായാണ് അസ്ഥിയടങ്ങിയ പായ്ക്കറ്റ് അയക്കുക.

ഇതു പായ്ക്കുചെയ്യേണ്ടതെങ്ങനെയെന്നു വിശദീകരിക്കുന്ന സര്‍ക്കുലറുകളും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചുകഴിഞ്ഞു. പായ്ക്കറ്റിനുമുകളില്‍ പ്രത്യേകം 'ഓം ദിവ്യദര്‍ശന്‍' എന്നു സൂചിപ്പിക്കാന്‍ പോസ്റ്റ് ഓഫീസുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.